തിരുവനന്തപുരം: ആൻഡമാൻ തീരത്ത് കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്.
വടക്കൻ കേരളത്തിൽ നാല് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകാനാണ് സാധ്യത. മറ്റെന്നാൾ പുലർച്ചയോടെ മ്യാൻമർ ഭാഗത്തേക്കു അടുക്കുന്ന അസാനി ചുഴലിക്കാറ്റ് തീരത്തെത്തുമ്പോഴേക്കും ദുർബലമായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. പോർട്ട് ബ്ലെയറിൽ നിന്നു 100 കിലോമീറ്റർ അകലെയാണ് നിലവിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതു മണിക്കൂറുകൾക്കകം അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. അസാനി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴയുണ്ടാകും. 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.