ന്യുഡൽഹി: ഇന്ത്യയിലെ അന്തരീക്ഷമലിനീകരണം 2021 ൽ കൂടുതൽ മോശമായതായി പഠനം. ലോകത്തിൽ അന്തരീക്ഷമലിനീകരണം ഏറ്റവും കൂടുതലുള്ള 100 നഗരങ്ങളിൽ 63 എണ്ണവും ഇന്ത്യയിലാണ്.
അന്തരീക്ഷമലിനീകരണം ഏറ്റവും കൂടുതലുള്ള 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്നും പഠനം പറയുന്നു. സ്വിസ് സംഘടനയായ ഐക്യു എയർ തയാറാക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന അന്തരീക്ഷ നിലവാര മാനദണ്ഡങ്ങൾ ഇന്ത്യയിലെ ഒരു നഗരവും പാലിച്ചിട്ടില്ല. 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളിൽ നിന്നുള്ള അന്തരീക്ഷവായു ഗുണനിലവാര വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് 2021-ലെ ആഗോള വായു ഗുണനിലവാരം അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോർട്ട്.
ലോകത്തിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ഡൽഹിയാണ്. തുടർച്ചയായ നാലാം വർഷമാണ് ഡൽഹി ഈ മോശം റിക്കാർഡ് സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോതിൽ വർധനയുണ്ടായത്.