എട്ടു വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; വെട്ടിയെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടന്ന് യുവാവ്

Advertisement

ഭുവനേശ്വർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ എട്ടുവയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം വെട്ടിയ തലയുമായി ഗ്രാമത്തിലൂടെ നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതകത്തിൻറെ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

രാവിലെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ കോടാലിയുമായെത്തിയ യുവാവ്(30) യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നതിനു ശേഷം സമീപത്തുള്ള കിണറിൽ നിന്നും വെള്ളമെടുത്ത് രക്തം കഴുകിക്കളയുകയും ചെയ്യും. ഇതുകണ്ട യുവാവിൻറെ ഭാര്യ ചോദ്യം ചെയ്തെങ്കിലും അവരെ പ്രതി കോടാലി കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിരുന്നുവെന്നും എന്നാൽ മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനോട് ഒരു വൈരാഗ്യവും ഉണ്ടായിരുന്നില്ലെന്നും കുചിന്ദ സബ്ഡിവിഷണൽ പൊലീസ് ഓഫീസർ രാജ്കിഷോർ മിശ്ര പറഞ്ഞു.

”കുറ്റകൃത്യം ചെയ്യുമ്പോൾ അവൻറെ മനസിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല,” പൊലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ജമൻകിര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രേംജീത് ദാസ് പറഞ്ഞു.