പരീക്ഷ പേ ചർച 2022: പ്രധാനമന്ത്രി മോദി ഏപ്രിൽ ഒന്നിന് ലോകമാസകലമുള്ള വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി സംവദിക്കും

Advertisement

ന്യൂഡൽഹി: പരീക്ഷ പേ ചർച 2022 അഞ്ചാം പതിപ്പിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിക്കും.

ലോകമാസകലമുള്ള വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായാണ് സംവദിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. രാജ്യത്തെ സംസ്ഥാന സർകാരുകൾ വിദ്യാർഥികളേയും അധ്യാപകരെയും മാതാപിതാക്കളേയും ഈ പരിപാടിയുടെ ഭാഗമാക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

ഓരോ വിദ്യാർഥിയുടെയും അതുല്യ വ്യക്തിത്വം ആഘോഷിക്കുന്നതിനും അതു പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതുമായി മാതാപിതാക്കളെയും വിദ്യാർഥികളേയും അധ്യാപകരേയും സമൂഹത്തെയും ഒന്നിപ്പിക്കുന്നതിനായി നടത്തുന്ന പ്രധാനമന്ത്രിയുടെ സംരംഭമാണ് ഇത്. ഈ പരിപാടിയുടെ അഞ്ചാം പതിപ്പ് ന്യൂഡെൽഹിയിലെ തല്കതോറ സ്റ്റേഡിയത്തിൽ ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്ക് ആരംഭിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള കോടിക്കണക്കിന് ജനങ്ങൾ ഇതിൽ പങ്കെടുക്കും.

രാജ്യത്തെ ചെറുപ്പക്കാർക്ക് സമ്മർദരഹിത അന്തരീക്ഷം നിർമിക്കുന്നതിനായി നരേദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷാ പേ ചർച നടത്തുന്നത്. പരീക്ഷാ ഭാരം, മാനസിക സമ്മർദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രധാന മന്ത്രിയുടെ സ്വത സിദ്ധമായ ശൈലിയിൽ തത്സമയം മറുപടി നൽകുന്ന വാർഷിക ജനപ്രിയ പരിപാടിയാണ് പരീക്ഷ പേ ചർച.

രാജ്യം കോവിഡ് മഹാമാരിയെ അതിജീവിക്കുകയും പരീക്ഷകൾ ഓഫ്ലൈനായി നടത്തപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് പരീക്ഷാ പേ ചർച പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

21-ാം നൂറ്റാണ്ടിലെ ജ്ഞാനകേന്ദ്രീകൃത സമ്പത്ത് വ്യവസ്ഥാ രൂപീകരണത്തിൽ പരീക്ഷാ പേ ചർച പോലുള്ള പരിപാടികൾക്കുള്ള പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചു. പ്രധാനമന്ത്രി വിദ്യാർഥികളുമായി നേരിട്ടു നടത്തുന്ന സംവാദം ഈ അവസരത്തിൽ ഒരു ഔദ്യോഗിക വേദിയായി മാറുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഓൺലൈനിൽ വിവിധ വിഷയങ്ങളെ അസ്പദമാക്കി നടത്തിയ ക്രിയാത്മക രചനാമത്സരങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കനുള്ളവരെ തെരഞ്ഞെടുത്തു കഴിഞ്ഞു. My Gov വെബ്‌സൈറ്റിൽ 2021 ഡിസംബർ 28 മുതൽ 2022 ഫെബ്രുവരി മൂന്ന് വരെ ആയിരുന്നു രചനാ മത്സരങ്ങൾ നടത്തിയിരുന്നത്. 15.7 ലക്ഷം ആളുകൾ ഈ പരിപാടിയിൽ ഈ വർഷം രെജിസ്റ്റർ ചെയ്ത് പങ്കെടുത്തതിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

മത്സരങ്ങളിലൂടെ പരീക്ഷാ പേ ചർചയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദന സാക്ഷ്യപത്രവും പ്രധാനമയുടെ എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകം അടങ്ങുന്ന പ്രത്യേക പരീക്ഷാ പേ ചർച കിറ്റും സമ്മാനിക്കും.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ സംസ്ഥാന ഗവർണർമാരുടെ സാന്നിധ്യത്തിൽ നടത്തുന്ന ഈ പരിപാടി നേരിട്ട് കാണുന്നതിനായി രാജ്ഭവൻ സന്ദർശിക്കും. ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനമുള്ള ഇന്ത്യാക്കാർക്കായി ഈ പരിപാടി സംപ്രേക്ഷണം ചെയ്യും. കുട്ടികൾക്ക് ആയാസരഹിതരായി പരീക്ഷാ എഴുതുന്നതിന് ഈ പരിപാടിയെ വിജയിപ്പിക്കണമെന്നും അതിനായി മാധ്യമങ്ങൾ സഹകരിക്കണമെന്നും കേന്ദ്രമന്ത്രി അഭ്യർഥിച്ചു.

ഈ വർഷത്തെ പരീക്ഷാപേ ചർച പരിപാടി ദൂരദർശനിൽ (ഡി ഡി നാഷനൽ, ഡി ഡി ന്യൂസ്, ഡി ഡി ഇൻഡ്യ) സംപ്രേക്ഷണം ചെയ്യും. കൂടാതെ റേഡിയോ വഴിയും, മറ്റു ചാനലുകളിലും ഡിജിറ്റൽ മാധ്യമങ്ങളിലും പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യുട്യൂബ് ചാനലുകളിലും സ്വയം പ്രഭ ചാനലിലും സംപ്രേക്ഷണം ഉണ്ടാകും.

കഴിഞ്ഞ നാലു വർഷങ്ങളിൽ ഈ പരിപാടി നടത്തിയത് വിദ്യാഭ്യസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പാണ്. ആദ്യത്തെ മൂന്ന് പരീക്ഷാ പേ ചർചകൾ ന്യൂഡെൽഹിയിൽ ടൗൻഹാൾ സംവാദ രീതിയിലാണ് സംഘടിപ്പിച്ചത്.

2018 ഫെബ്രുവരി 16 നാണ് ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ചത്. 2009 ജനുവരി 29 ന് രണ്ടാം പരീക്ഷാ പേ ചർച സ്‌കൂൾ കോളജ് വിദ്യാർഥികൾക്കായി നടത്തപ്പെട്ടു. 2020 ജനുവരി 20 ന് മൂന്നാം പതിപ്പും നടത്തപ്പെട്ടു. കോവിഡ് 19 മഹാമാരി കാരണം നാലാം പതിപ്പ് 2021 ഏപ്രിൽ ഏഴിന് ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്.