കൊച്ചി: പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപമുള്ളവർ ഏപ്രിൽ ഒന്നാം തീയതിക്കു മുമ്പായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കണം.
പ്രസ്തുത നിക്ഷേപങ്ങളുടെ പലിശ ഏപ്രിൽ ഒന്നാം തീയതി മുതൽ അതാത് സേവിങ്സ് അക്കൗണ്ടുകളിലാകും ക്രെഡിറ്റ് ആവുക. ഇതുവരെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ പണമായി കൈപ്പറ്റാമായിരുന്നു.
ഏപ്രിൽ ഒന്ന് മുതൽ ഇക്കാര്യത്തിൽ മാറ്റം വരികയാണ്. മന്ത്‌ലി ഇൻകം സ്ക്കീം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ടേം ഡെപ്പോസിറ്റ് എന്നീ പദ്ധതികൾക്കും ഈ നിബന്ധന ബാധകമാണ്.
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുള്ളവർ പ്രസ്തുത പാസ് ബുക്കും ടൈം ഡെപ്പോസിറ്റിന്റെ പാസ് ബുക്കുമായി പോസ്റ്റ് ഓഫീസിൽ ചെന്ന് ഫോം നമ്പർ SB – 83 പൂരിപ്പിച്ചു നൽകിയാൽ മതി. ബാങ്ക് അക്കൗണ്ടുമായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബന്ധിപ്പിക്കുന്നതിന് ഫോം ECS – 1 പൂരിപ്പിച്ചു നൽകണം. ഒപ്പം കാൻസൽ ചെയ്ത ചെക്കോ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയോ ടൈം ഡെപ്പോസിറ്റ് പാസ്ബുക്കിനോടൊപ്പം സമർപ്പിക്കണം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും ആദായം നൽകുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷ കാലാവധികളിൽ നിക്ഷേപിക്കാം. പത്ത് വയസിനു മുകളിലുള്ള ആർക്കും നിക്ഷേപം തുടങ്ങാം.
വാർഷികാടിസ്ഥാനത്തിലാണ് പലിശ വിതരണം. ഏറ്റവും ചുരുങ്ങിയത് 1000 മുതൽ പരമാവധി എത്ര വേണമെങ്കിലും നിക്ഷേപം നടത്താം. വർഷത്തിലെ ആദ്യ മൂന്നു പാദങ്ങളിൽ 5.5 % വീതവും നാലാം പാദത്തിൽ 6.7% വുമാണ് പലിശ ഇപ്പോൾ.