പരീക്ഷകളെ ഉത്സവമായി കാണണമെന്ന് പ്രധാനമന്ത്രി

Advertisement

ന്യൂഡൽഹി: പരീക്ഷകളെ ഉത്സവമായി കണ്ട് പിരിമുറുക്കം ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. മുൻപും പരീക്ഷകളിൽ വിജയിച്ചതിന്റെ അനുഭവസമ്പത്തുള്ളതിനാൽ വിദ്യാർഥികൾ പിരിമുറുക്കം കൂടാതെ പരീക്ഷയെ സമീപിക്കാനും മോദി നിർദേശിച്ചു.

വിദ്യാർഥികളുമായി പരീക്ഷ പേ ചർച്ചയിൽ ആശയവിനിമയം നടത്തുകയായിരുന്നു മോദി.

കുട്ടികളുടെമേൽ സമ്മർദ്ദം ചെലുത്തരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പൂർത്തീകരിക്കാൻ കഴിയാത്ത സ്വപ്നങ്ങൾ കുട്ടികളെ ഉപയോഗിച്ച്‌ സാക്ഷാത്കരിക്കാൻ വേണ്ടി മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തരുത്. ഇത് കുട്ടികൾക്ക് പിരിമുറുക്കം വർധിക്കാൻ ഇടയാക്കുമെന്നും മോദി പറഞ്ഞു.

സാങ്കേതികവിദ്യയെ ഒരു തടസ്സമായി കാണരുത്. വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ കണ്ടെത്താനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. അധ്യാപകരും ഇതിനെ ആശ്രയിക്കുന്നുണ്ട്. അതിനാൽ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മോദി പറഞ്ഞു.

‘പരീക്ഷകളെ ഉത്സവമായി കാണണം. ഒരു പിരിമുറുക്കവുമില്ലാതെ പരീക്ഷ എഴുതാൻ സാധിക്കണം. ആദ്യമായല്ല നിങ്ങൾ പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതിയുള്ള അനുഭവസമ്പത്തുണ്ട്. അതിനാൽ പിരിമുറുക്കത്തിന്റെ ആവശ്യമില്ല. മുൻപും പരീക്ഷകളിൽ വിജയിച്ചിട്ടുള്ള കാര്യം ഓർക്കണം.’ – മോദി പറഞ്ഞു.