തിരുവനന്തപുരം: കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി മുപ്പത്തിനാലാമത്തെ തവണയും കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ.
മഹാരാഷ്ട്ര കോൽഹാപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലാണ് ഇത്തവണ നിരീക്ഷക വേഷത്തിലെത്തുക. മൂന്നാം തവണയാണ് ഇദ്ദേഹം മഹാരാഷ്ട്രയിൽ നിരീക്ഷകനാകുന്നത്.
സിവിൽ സർവിസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ ഇദ്ദേഹം കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. മദ്രാസ് ഐ.ഐ.ടിയിലെ റാങ്ക് ഹോൾഡറായ രാജു, 16 ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
2018 ലെ സിംബാബ് വേ തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ മത്സരിച്ച കുടാൽ പോലുള്ള ഹൈ പ്രൊഫൈൽ മണ്ഡലങ്ങളിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളിൽ കലക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അഴിമതിക്കെതിരായ പോരാട്ടം മുൻനിർത്തി 2018ൽ ഐ.ഐ.ടി കാൺപൂർ അദ്ദേഹത്തിന് സത്യേന്ദ്ര ദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003 ൽ “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ” എന്ന യാത്രാവിവരണ ഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പു നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.