ന്യൂഡൽഹി:അടുത്ത അധ്യയന വർഷത്തെ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (CUET 2022-23) രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും.
കൂടുതൽ അറിയാം.
അപേക്ഷിക്കേണ്ട വെബ്സൈറ്റ് താൽപര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. cuet(dot)samarth(dot)ac(dot)in
കൂടാതെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുടെ ഔദ്യോഗിക വെബ്സൈറ്റായ nta(dot)ac(dot)in-ൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
സമയപരിധി
2022 ഏപ്രിൽ രണ്ട് മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാം
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
ക്ലാസ് 10, 12 മാർക് ഷീറ്റ്
സ്കാൻ ചെയ്ത പാസ്പോർട് സൈസ് ഫോടോ
ഒപ്പിന്റെ സ്കാൻ ചെയ്ത ചിത്രം
തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാസ്പോർട് മുതലായവ)
ജാതി സർടിഫികറ്റ് (ബാധകമെങ്കിൽ)
രജിസ്റ്റർ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ
ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
ഹോംപേജിൽ ‘അപ്ലൈ ഓൺലൈൻ’ ടാബിൽ ക്ലിക് ചെയ്യുക
രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടച്ച് ഫോം സമർപിക്കുക
പരീക്ഷ എപ്പോൾ?
എൻ ടി എ ഇതുവരെ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2022 ജൂലൈയിൽ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സിലബസ് എന്താണ്?
സിയുഇടി പരീക്ഷയിൽ വിജയിക്കുന്നതിന് വിദ്യാർഥികൾ അധിക കോച്ചിംഗ് ക്ലാസുകൾക്ക് പോകുകയോ അധിക പുസ്തകങ്ങൾ വാങ്ങുകയോ ചെയ്യേണ്ടതില്ലെന്ന് യുജിസി ചെയർമാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രവേശന പരീക്ഷയുടെ ചോദ്യങ്ങൾ പൂർണമായും 12-ാം ക്ലാസിലെ സിലബസ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വിദ്യാർഥികൾക്ക് അവരുടെ എൻ സി ഇ ആർ ടി (NCERT) പുസ്തകങ്ങൾ മാത്രം മതിയാവും.
പരീക്ഷയുടെ രീതി
സിയുഇടി ഒരു കംപ്യൂടർ അധിഷ്ഠിത ടെസ്റ്റ് (CBT) ആയിരിക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാതി, ഗുജറാതി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇൻഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിങ്ങനെ 13 ഭാഷകളിൽ ഇത് നടക്കും. കൂടാതെ, ഫ്രഞ്ച്, ജർമൻ, ജാപനീസ്, റഷ്യൻ, ബോഡോ, സന്താലി തുടങ്ങി മറ്റ് 19 ഭാഷകളും തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
പരീക്ഷ എങ്ങനെ?
പരീക്ഷയെ രണ്ട് വ്യത്യസ്ത ഭാഷാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
- വിഭാഗം I-A
ഇൻഗ്ലീഷ് ഭാഷയിലും തെരഞ്ഞെടുത്ത ഒരു ഇന്ത്യൻ ഭാഷയിലും വിദ്യാർഥികളുടെ മികവ് പരിശോധിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 45 മിനിറ്റ് ദൈർഘ്യമുള്ള നിർബന്ധിത വിഭാഗമാണ് വിഭാഗം IA.
- വിഭാഗം I-B
വിദേശ ഭാഷകൾക്കുള്ള ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് സെക്ഷൻ 1ബി. ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, നേപാളി, പേർഷ്യൻ, ഇറ്റാലിയൻ, അറബിക്, സിന്ധി, കശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപൂരി, സന്താലി, ടിബറ്റൻ, ജാപനീസ്, റഷ്യൻ, ചൈനീസ് തുടങ്ങി 19 ഭാഷകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം. വിഭാഗം IA-ൽ നൽകിയിരിക്കുന്ന ഭാഷകൾ ഒഴികെ. - വിഭാഗം II
വിദ്യാർഥികൾ പഠിക്കാൻ ആഗ്രഹിക്കുന്ന ബിരുദ വിഷയം കേന്ദ്രീകരിച്ചായിരിക്കും ഈ വിഭാഗം. 50 ചോദ്യങ്ങളിൽ നിന്ന് 40 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. 45 മിനുറ്റാണ് സമയം.
അകൗണ്ടൻസി/ ബുക് കീപ്പിംഗ്, ബയോളജി/ ബയോളജിക്കൽ സ്റ്റഡീസ്/ ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കമ്പ്യൂടർ സയൻസ്/ ഇൻഫോർമാറ്റിക്സ് പ്രാക്ടീസ്, ഇകണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്, എൻജിനീയറിംഗ് ഗ്രാഫിക്സ്, എന്റർപ്രണർഷിപ്, ജിയോഗ്രഫി/ജിയോളജി, ചരിത്രം, ഹോം സയൻസ്, വിജ്ഞാന പാരമ്പര്യവും ഇന്ത്യയുടെ രീതികളും, നിയമപഠനം, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഫിസികൽ എജ്യുകേഷൻ/ എൻസിസി / യോഗ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോകോളജി, സോഷ്യോളജി, , അഗ്രികൾചർ, മാസ് മീഡിയ/ മാസ് കമ്യൂണിക്കേഷൻ, ഫൈൻ ആർട്സ്/ വിഷ്വൽ ആർട്സ് (ശിൽപം/ പെയിന്റിംഗ്)/വാണിജ്യ കല, പെർഫോമിംഗ് ആർട്സ് – (i) നൃത്തം (കഥക്/ ഭരതനാട്യം/ ഒഡീസി/ കഥകളി/ കുച്ചിപ്പുടി/ മണിപ്പൂരി (ii) അധ്യാപന അഭിരുചി, നാടകം- തിയേറ്റർ (iii) മ്യൂസിക് ജനറൽ (ഹിന്ദുസ്ഥാനി/ കർണാടക/ രബീന്ദ്ര സംഗീതം/ താളവാദ്യങ്ങൾ/ താളവാദ്യം അല്ലാത്തത്) സംസ്‌കൃതം എന്നിങ്ങനെയാണ് വിഷയങ്ങൾ.
- വിഭാഗം III
വിദ്യാർഥിയുടെ പൊതുവിജ്ഞാനം പരിശോധിക്കുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ഇത് ഒരു നിർബന്ധിത വിഭാഗമല്ല, പൊതുവിജ്ഞാനം, ആനുകാലിക കാര്യങ്ങൾ, പൊതു മാനസിക ശേഷി, സംഖ്യാപരമായ കഴിവ്, അളവ് യുക്തി, ലോജികൽ, അനലിറ്റികൽ റീസണിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂറാണ് സമയം. 75 ചോദ്യങ്ങളിൽ 60 എണ്ണത്തിന് ഉത്തരമെഴുതണം.
കഴിഞ്ഞ വർഷത്തെ വിദ്യാർഥികൾക്ക് അപേക്ഷിക്കാമോ?
സമീപ വർഷങ്ങളിൽ 12-ാം ക്ലാസ് പരീക്ഷ പാസായ വിദ്യാർഥികളെ 2022 സെഷനിൽ അഡ്മിഷൻ നൽകാൻ ഏതെങ്കിലും സർവകലാശാല അനുവദിക്കുകയാണെങ്കിൽ, സിയുഇടി 2022-നും അപേക്ഷിക്കാമെന്ന് യുജിസി വ്യക്തമാക്കി.
സ്ട്രീമുകൾ മാറാൻ കഴിയുമോ?
സ്ട്രീമുകൾ മാറാവുന്നതാണ്. അതായത് സയൻസ് സ്ട്രീം പഠിച്ച വിദ്യാർഥിക്ക് ഹ്യുമാനിറ്റീസ് അടിസ്ഥാനമാക്കിയുള്ള ബിരുദ കോഴ്‌സുകൾ തെരഞ്ഞെടുക്കാം.