കൊളംബോ: അടിയന്തര ദൗത്യവുമായി ഇന്ത്യൻ സേന ശ്രീലങ്കയിൽ ഇറങ്ങിയതായി സൂചന.
ഇന്ത്യയോ ശ്രീലങ്കയോ ഇക്കാര്യം ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രതിരോധ നിരീക്ഷകർ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
ശ്രീലങ്കൻ സർക്കാരിന്റെ അടിയന്തര അപേക്ഷ പരിഗണിച്ച് ഇന്ത്യ 5000 സൈനികരെ അതീവരഹസ്യമായി വെള്ളിയാഴ്ച ശ്രീലങ്കൻ മണ്ണിൽ ഇറക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം. 1987 ൽ ഓപ്പറേഷൻ പവനിന്റെ ഭാഗമായാണ് ഇതിനു മുമ്പ് ശ്രീലങ്കൻ ഭരണകൂടത്തെ സഹായിക്കാൻ ഇന്ത്യ സേനയെ അയച്ചത്.
ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ. എൻ. എസ്. വിക്രമാദിത്യ, ഇന്ത്യൻ എയർ ഫോഴ്‌സിന്റെ സി. 17 വിമാനങ്ങൾ എന്നിവ വഴിയാണ് ഇന്ത്യൻ സൈന്യം ലങ്കയിൽ എത്തിയതെന്ന് പ്രതിരോധ നിരീക്ഷകർ പറയുന്നു.
ഡൽഹി ഇന്ത്യൻ എയർഫോഴ്സ് ബേസിൽ നിന്ന് 180, തമിഴ്നാട്ടിലെ താംബരം ഇന്ത്യൻ ആർമി ബേസിൽ നിന്ന് പഞ്ചാബ് റെജിമെന്റിൽ നിന്നുള്ള 215, മദ്രാസ് റെജിമെന്റിൽ നിന്നുള്ള 200 എന്നിങ്ങനെ 595 കമാണ്ടോകളാണ് ആദ്യ സംഘം എന്ന നിലയിൽ വെള്ളിയാഴ്ച രാത്രി വൈകി കൊളംബോ കടുനായകെ എയർപോർട്ടിൽ ഇറങ്ങിയതെന്നാണ് വിവരം. തൊട്ടു പിന്നാലെയാണ് 4500 സൈനികരുമായി ഐ. എൻ. എസ്. വിക്രമാദിത്യയും കൊളംബോയിലേക്കു നീങ്ങിയത്.
വ്യാഴാഴ്ച രാത്രി ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിക്കു പുറത്ത് വൻതോതിൽ അക്രമ സംഭവങ്ങൾ നടന്നിരുന്നു. അക്രമം വലിയ തോതിൽ നടക്കുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ സർക്കാർ ഇന്ത്യയുടെ അടിയന്തര സഹായം തേടുകയായിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിനു പിന്നിൽ ചൈനയാണെന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ ആരോപണം ഉയർന്നിരുന്നു.
ശ്രീലങ്കയുടെ അഭ്യർത്ഥന പ്രകാരമാണ് അടിയന്തര സൈനിക സഹായം നൽകിയതെന്നാണ് ഡൽഹിയിൽ നിന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ.
5000 ഇന്ത്യൻ സൈനികർ ഒറ്റ ദിവസം കൊണ്ട് വന്നത് ശ്രീലങ്കൻ പരമാധികാരത്തെ വലിച്ചിഴച്ചു എന്ന പ്രസ്താവനയുമായി ശ്രീലങ്കൻ
പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.