ലഖ്‌നൗ: ഇൻഡിഗോ എയർലൈൻ സഹ സ്ഥാപകൻ രാകേഷ് ഗംഗ്‌വാൾ ഐഐടി കാൺപുരിന് 100 കോടി രൂപ സംഭാവന നൽകി.
ഐഐടിയിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് രാകേഷ്. സ്ഥാപനത്തിന് അദ്ദേഹം നൽകുന്ന വ്യക്തിപരമായ സംഭാവനയാണിത്. പണം സംഭവാന നൽകിയെന്ന് ഐഐടി കാൺപുർ ഡയറക്ടർ ആഭയ് ക്രാന്തികർ സ്ഥിരീകരിച്ചു.
ഐഐടി, ക്യാമ്പസിൽ മെഡിക്കൽ കോളജ്, സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി എന്നിവ നിർമിക്കുന്നുണ്ട്. ഈ നിർമാണത്തിലേക്ക് തുക വിനിയോഗിക്കുമെന്ന് അഭയ് വ്യക്തമാക്കി. സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്ക്‌നോളജി, 500 കിടക്കകളുള്ള സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി എന്നിവയാണ് നിർമിക്കുന്നത്. മെഡിക്കൽ കോളജ്, ആശുപത്രികളുടെ നിർമാണം സംബന്ധിച്ച് രാകേഷ് ഗംഗ്‌വാളും ഐഐടി കാൺപുരുമായി കരാർ ഒപ്പിട്ടു.
മെഡിക്കൽ ഗവേഷണത്തിലും സാങ്കേതിക വിദ്യയിലും ഐഐടി കാൺപൂരിന്റെ നൂതനാശയങ്ങളെ മുന്നോട്ട് നയിക്കുന്നതിന് പുതിയ കാൽവെപ്പ് നിമിത്താമാകും. മനുഷ്യരാശിക്ക് പ്രയോജനം ചെയ്യുന്നതിനായി മെഡിക്കൽ സയൻസസും സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ആഗോള പട്ടികയിലേക്ക് ഇന്ത്യയെ നയിക്കുന്നതിലും നിർദ്ദിഷ്ട മെഡിക്കൽ സ്‌കൂൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അഭയ് പ്രതീക്ഷ പ്രകടിപ്പിച്ചു.
‘പൂർവ വിദ്യാലയത്തിലെ ഇത്തരമൊരു മഹത്തായ ഉദ്യമത്തിൽ സഹകരിക്കാൻ സാധിച്ചത് മഹാ ഭാഗ്യമാണ്. വിവിധ മേഖലകളിലായി ആയിരക്കണക്കിന് ഉന്നത വ്യക്തികളെ സൃഷ്ടിച്ച സ്ഥാപനം ഇപ്പോൾ ആരോഗ്യ സംരക്ഷണ മേഖലയിലേക്കും കടക്കുന്നത് കാണാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ആരോഗ്യ രംഗത്തെ നവീകരണം ത്വരിതപ്പെടുത്താൻ ഈ സംരഭത്തിന് സാധിക്കും’- രാകേഷ് പ്രതികരിച്ചു.
രണ്ട് ഘട്ടങ്ങളായാണ് ഇതിന്റെ നിർമാണം. ആദ്യ ഘട്ടത്തിൽ 500 കിടക്കകളുള്ള സൂപ്പർ സ്പഷാലിറ്റി ഹോസ്പിറ്റൽ, അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ, സർവീസ് ബ്ലോക്ക് എന്നിവയാണ് നിർമിക്കുക. മൂന്ന്- അഞ്ച് വർഷത്തിനുള്ളിൽ ഒന്നാം ഘട്ടം പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ കിടക്കകളുടെ എണ്ണം ആയിരമായി ഉയർത്തും. ഏഴ് മുതൽ പത്ത് വർഷത്തിനിടെയായിരിക്കും രണ്ടാം ഘട്ടം പൂർത്തിയാക്കുക. ക്ലിനിക്കൽ കേന്ദ്രങ്ങൾ, ഗവേഷണ മേഖലകൾ, പാരാ മെഡിക്കൽ വിഭാഗങ്ങൾ, ആശുപത്രി മാനേജ്‌മെന്റ്, സ്‌പോർട്‌സ് മെഡിസിൻ, പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.