ലക്‌നൗ: വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് ആംബുലൻസ് സൗകര്യം നൽകാത്തതിനെ തുടർന്ന് വയോധിക മരിച്ചു.
ഉത്തർപ്രദേശിലാണ് സംഭവം.ഭർത്താവ് ഉന്തുവണ്ടിയിൽ രോഗിയായ ഭാര്യയെ കൊണ്ടുപോയെങ്കിലും ചികിത്സ കിട്ടാതെ അവർ മരിക്കുകയായിരുന്നു. സാകുൽ പ്രജാപതി ഭാര്യയെ ഉന്തുവണ്ടിയിൽ ചുമന്നുകൊണ്ട് പോകുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
തലസ്ഥാനമായ ലക്‌നൗവിൽനിന്ന് 400 കിലോമീറ്റർ അകലെ ബല്ലിയയിലാണ് സംഭവം നടന്നത്. വീട്ടിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള ഒരു ക്ലിനിക്കിലാണ് സാകുൽ പ്രജാപതി ആദ്യം ഭാര്യയുമായി എത്തിയത്. എന്നാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആംബുലൻസ് നൽകിയുമില്ല.
പണമില്ലാത്തതിനാൽ ഉന്തുവണ്ടിയിൽ ഭാര്യയെ കയറ്റി വലിച്ചാണ് പ്രജാപതി ആശുപത്രിയിലേക്കു പോയത്. അവിടെ ചെന്നപ്പോൾ കുറച്ച് മരുന്നുകൾ നൽകിയ ഡോക്ടർമാർ ഭാര്യയെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ഇവിടെയും ആംബുലൻസ് തരപ്പെടുത്തിക്കൊടുക്കാൻ ആശുപത്രി അധികൃതർക്കു കഴിഞ്ഞില്ല.
ജില്ലാ ആശുപത്രി 15 കിലോമീറ്റർ അകലെയാണ്. അവിടേക്ക് ഒരു മിനി ട്രക്ക് സംഘടിപ്പിച്ച് ഭാര്യയെ എത്തിക്കാൻ അഞ്ച് മണിക്കൂറാണ് പ്രജാപതിക്ക് വേണ്ടിവന്നത്. അത്രയും നേരം വൈദ്യസഹായം ലഭിക്കാതിരുന്നതിനെത്തുടർന്ന് അവസ്ഥ മോശമാകുകയും ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിക്കുകയും ആയിരുന്നു. മാർച്ച് 28നാണ് സംഭവം നടന്നത്. ചിത്രം പുറത്തുവന്നതിനെത്തുടർന്ന് ആരോഗ്യ മന്ത്രി ബ്രിജേഷ് പഥക് അന്വേഷണത്തിന് ഉത്തരവിട്ടു.