സാമ്പത്തിക വളർച്ച കുറയുകയും നാണ്യപ്പെരുപ്പം വർധിക്കുകയും ചെയ്യുമെന്ന് റിസർവ് ബാങ്ക്

Advertisement

ന്യൂഡൽഹി∙ റഷ്യ-യുക്രെയ്ൻ യുദ്ധം, വർധിച്ച ക്രൂഡ് ഓയിൽ വില എന്നിവയടക്കമുള്ള കാരണങ്ങളാൽ രാജ്യത്തിന്റെ സാമ്പത്തികവളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുകയും നാണ്യപ്പെരുപ്പം വർധിക്കുകയും ചെയ്യുമെന്ന് റിസർവ് ബാങ്ക്.

മൂന്ന് വർഷമായി വളർച്ച ശക്തിപ്പെടുത്തുകയായിരുന്നു മുൻഗണനയെങ്കിൽ ഇനിയിത് നാണ്യപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾക്കാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഫെബ്രുവരിയിലെ പണനയ സമിതി (എംപിസി) യോഗത്തിൽ 7.8 ശതമാനം വളർച്ചയാണ് കണക്കാക്കിയതെങ്കിൽ പുതിയ സാഹചര്യത്തിലിത് 7.2 ശതമാനമായി കുറച്ചു. സാമ്പത്തിക സർവേയിൽ ധനമന്ത്രാലയം പ്രവചിച്ചത് 8 മുതൽ 8.5 ശതമാനമായിരുന്നു. നാണ്യപ്പെരുപ്പം 5.7 ശതമാനമായി വർധിക്കുമെന്ന് പുതിയ പ്രവചനം. ഫെബ്രുവരിയിലെ അനുമാനം അനുസരിച്ച്‌ ഇത് 4.5 ശതമാനമായിരുന്നു.

ഓരോ പാദത്തിലും ആർബിഐ പ്രതീക്ഷിക്കുന്ന സാമ്പത്തികവളർച്ച ഇങ്ങനെ. ബ്രാക്കറ്റിൽ ഫെബ്രുവരിയിലെ പ്രവചനം. ആദ്യപാദം- 16.2% (17.2%), രണ്ടാം പാദം-6.2% (7%), മൂന്നാം പാദം-4.1% (4.3%), നാലാം പാദം-4% (4.5%).പണനയ സമിതി (എംപിസി) അടിസ്ഥാന പലിശ നിരക്കുകൾ പതിനൊന്നാം തവണയും മാറ്റമില്ലാതെ നിലനിർത്തി. ബാങ്കുകളുടെ വായ്പ- നിക്ഷേപ പലിശ നിരക്കുകൾ ഇപ്പോഴത്തെ നിലയിൽ തുടരുമെന്നു പ്രതീക്ഷിക്കാമെങ്കിലും വിപണയിലെ അധികമായിട്ടുള്ള പണം (ലിക്വിഡിറ്റി) കുറയ്ക്കാനായി സ്റ്റാൻഡിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) എന്ന വഴിയും ആർബിഐയും തേടി.

ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്ക് (റീപ്പോ)- 4%, ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശ (റിവേഴ്സ് റീപ്പോ)- 3.35% എന്നിങ്ങനെയായി തുടരും.പ്രതിസന്ധി തീരും വരെ പലിശനിരക്ക് ഉയർത്താതെയുള്ള സാമ്പത്തിക ഉത്തേജന നയരീതി (അക്കോമഡേറ്റിവ് സ്റ്റാൻസ്) ഇത്തവണയും തുടരുമെങ്കിലും ഈ രീതിയിൽ നിന്ന് വൈകാതെ രാജ്യം നീങ്ങുമെന്ന വ്യക്തമായ സൂചനയും ആർബിഐ നൽകി. രണ്ടു മാസത്തേക്കുള്ള നയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement