ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ട് കർണാടകയിൽ ഗണപതി ക്ഷേത്രം പണിത് മുസ്ലിം വയോധികൻ

Advertisement

ചാമരാജനഗർ: ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ട് കർണാടകയിൽ ഗണപതി ക്ഷേത്രം പണിത് മുസ്ലിം വയോധികൻ.

ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സംഘർഷം നാൾക്കുനാൾ തുടരുന്നതിനിടെയാണ് കർണാടകത്തിൽ നിന്നും മതസൗഹാർദമുള്ള ഈ വാർത്ത പുറത്തുവരുന്നത്.

കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ചികഹോളെയിൽ താമസിക്കുന്ന പി റഹ് മാൻ ആണ് ഗണപതി ക്ഷേത്രം നിർമിച്ചത്. ചികഹോളെ റിസർവോയറിലെ ഗേറ്റ് ഓപറേറ്ററായി വിരമിച്ചയാളാണ് ഇദ്ദേഹം. 2018-ൽ, വിരമിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അയൽപക്കത്തെ ഒരു ചെറിയ ക്ഷേത്രത്തിൽ നിന്ന് ഗണേശ പ്രതിമ കാണാതായി. റിസർവോയറിന് സമീപമായതിനാൽ വർഷങ്ങളായി റഹ് മാൻ ഈ ക്ഷേത്രം കാണുന്നുണ്ടായിരുന്നു.

പൊലീസും പൊതുജനങ്ങളും ശ്രമിച്ചിട്ടും വിഗ്രഹം കണ്ടെത്താനായില്ല. ഒരു രാത്രി, റഹ് മാൻ ഒരു വിചിത്രമായ സ്വപ്നം കണ്ടു, അതിൽ ഗണപതി തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടു. സ്വപ്‌നം കണ്ട് അവൻ ഞെട്ടി ഉണർന്നു. എന്നാൽ മനസ്സിൽ നിന്ന് താൻ കണ്ട സ്വപ്നം മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. താമസിയാതെ അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചു.

വിരമിച്ച തുകയിൽ നിന്നും ഗ്രാറ്റുവിറ്റിയിൽ നിന്നുമുള്ള പണം അതേ ഗ്രാമത്തിൽ ഒരു ചെറിയ ഗണേശ ക്ഷേത്രം പണിയാൻ ഉപയോഗിച്ചു.

സംഭവത്തെ കുറിച്ച്‌ റഹ് മാൻ പറയുന്നത്:

‘ഞാൻ 2018-ൽ വിരമിച്ചു, ഗണേശൻ എന്റെ സ്വപ്നത്തിൽ വന്നു. നമുക്ക് അല്ലാഹു പോലെ, ഗണപതി മറ്റുള്ളവർക്കും. എല്ലാവരുടെയും രക്തം ചുവപ്പാണ്, ഇവിടെയുള്ള വ്യത്യാസം എനിക്ക് മനസ്സിലാകുന്നില്ലെന്നും റഹ് മാൻ പറഞ്ഞു. താൻ പണിത ക്ഷേത്രത്തിൽ ദിവസേനയുള്ള പൂജകൾക്കും ചടങ്ങുകൾക്കും ഒരു ഹിന്ദു പുരോഹിതനെ നിയമിക്കുകയും സ്വന്തം പെൻഷനിൽ നിന്ന് മാസം 4,000 രൂപ ശമ്പളമായി നൽകുകയും ചെയ്തു.

Advertisement