മൂന്നാം തവണയും സിപിഎം ജനറൽ സെക്രട്ടറിയായി സിതാറാം യെച്ചൂരി തുടരും; വിജയരാഘവൻ പൊളിറ്റ്ബ്യൂറോയിൽ, രാജീവും ബാലഗോപാലും സുജാതയും സതീദേവിയും സിസിയിൽ

Advertisement


കണ്ണൂർ: മൂന്നാം തവണയും സിപിഎം ജനറൽ സെക്രട്ടറിയായി സിതാറാം യെച്ചൂരി തുടരും.17 അംഗ പൊളിറ്റ് ബ്യൂറോ നിലനിർത്താനാണ് തീരുമാനം

കേരളത്തിൽ നിന്നുള്ള എ വിജയരാഘവൻ, മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ല, ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോം എന്നിവരും പൊളിറ്റ്ബ്യൂറോയിലേക്ക് എത്തും.

ബിമൻ ബോസ്, ഹന്നൻ മൊള്ള, എന്നിവരുടെ ഒഴിവിലേക്കാണ് അശോക് ധാവ്ല, രാമചന്ദ്ര ഡോം എന്നിവരെത്തുന്നത്. 58 വർഷത്തിന് ശേഷം സിപിഎം പിബിയിൽ ആദ്യ ദളിത് പ്രതിനിധിയായാണ് രാമചന്ദ്ര ഡോം എത്തുന്നത്.

പ്രായപരിധിയെ തുടർന്ന് ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്രതലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ പിബിയിലേക്ക് എത്തുന്നത്. നിലവിൽ എൽഡിഎഫ് കൺവീനറാണ്.

കോടിയേരി മാറിനിന്നപ്പോൾ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിച്ചതും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചതും നിലവിലെ കേന്ദ്ര കമ്മിറ്റി അംഗത്തിന് തുണയായി.

85 അംഗ കേന്ദ്ര കമ്മിറ്റിയിലെ 84 പ്രതിനിധികളെയും പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും പി രാജീവ്, കെ എൻ ബാലഗോപാൽ, സി എസ് സുജാത, പി സതീദേവി എന്നിവർ കേന്ദ്ര കമ്മിറ്റിയിലേക്ക് പുതിയതായി എത്തി. പിബിയിലെ ദളിത് പ്രാതിനിധ്യം 23ാം പാർട്ടി കോൺഗ്രസിൽ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു.