മുസ്ലിങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഹിന്ദു ക്ഷേത്രം

Advertisement

അഹമ്മദാബാദ്: രാജ്യത്ത് മതധ്രുവീകരണം ശക്തമാകുകയും സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നിറയുമ്പോഴും പ്രതീക്ഷയുടേയും സാഹോദര്യത്തിൻറേയും സന്ദേശവുമായി ഗുജറാത്തിലെ ചരിത്രപുരാതന ഹിന്ദുക്ഷേത്രം.

അഹമ്മദാബാദ് ബനസ്കാന്ത ജില്ലയിലെ ദൽവാന ക്ഷേത്ര അധികാരികളാണ് പുണ്യ മാസമായ റമദാനിൽ വ്രതമനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങൾക്ക് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കിയത്.

വെള്ളിയാഴ്ച വരന്ദ വീർ മഹാരാജ് ക്ഷേത്രമാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. പ്രദേശത്തെ നൂറോളം മുസ്ലിങ്ങളാണ് ഇഫ്താർ ചടങ്ങിൽ പങ്കെടുത്തത്. ക്ഷേത്ര പരിസരത്ത് മഗരിബ് നമസ്കാരത്തിനുള്ള സൗകര്യവും സംഘം ഒരുക്കിയിരുന്നു. ദൽവാനയിൽ ആദ്യമായാണ് ക്ഷേത്രത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്ര പൂജാരി പങ്കജ് താകർ പറഞ്ഞു. ഗ്രാമവാസികൾ എപ്പോഴും സഹവർത്തിത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരാണ്. ഉത്സവങ്ങളുടെ തീയതികളിൽ പ്രയാസങ്ങൾ നേരിട്ടാൽ ഇരു മതസ്ഥരും പരസ്പരം സഹായിക്കാറുണ്ടെന്നും സഹകരിക്കാറുണ്ടെന്നും പങ്കജ് പറഞ്ഞു. ക്ഷേത്ര ട്രസ്റ്റും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആറിനം പഴങ്ങൾ, ജ്യൂസ്, ഈന്തപ്പഴം തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ നോമ്പുതുറയാണ് സംഘടിപ്പിച്ചത്.