ഇറ്റാനഗര്‍: ഉഡാന്‍ പദ്ധതി വിജയം, രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ‘ഡോര്‍ണിയര്‍ 228’ ന്റെ ആദ്യ വാണിജ്യ പറക്കല്‍ ഇന്ന്.
17 സീറ്റുള്ള ‘ഡോര്‍ണിയര്‍ 228’ അസമിലെ ദിബ്രുഗഢില്‍ നിന്ന് പറന്നുയരും. അരുണാചല്‍ പ്രദേശിലെ പാസിഘട്ടാണ് ലക്ഷ്യം. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വാണിജ്യവിമാനമാണിത്.
എസി ക്യാബിനോടുകൂടിയ ‘ഡോര്‍ണിയര്‍ 228’ രാത്രിയും പകലും ഒരുപോലെ പ്രവര്‍ത്തിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യോമ ബന്ധം ശക്തമാക്കാന്‍ വിമാനം സഹായിക്കുംദമെന്നാണ് പ്രതീക്ഷ.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്തിന്റെ കന്നിപറക്കല്‍ ഫ്‌ലാഗ് ഒഫ് ചെയ്യും.
ഉഡാന്‍ പദ്ധതിയുടെ ഭാഗമായി 17 സീറ്റുകളുള്ള രണ്ട് ‘ഡോര്‍ണിയര്‍ 228’ വിമാനങ്ങള്‍ വാടകയ്ക്കെടുക്കാനായി ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി കേന്ദ്രത്തിന്റെ കീഴിലുള്ള അലയന്‍സ് എയര്‍ കരാര്‍ ഒപ്പിട്ടത്. ഏപ്രില്‍ 7 നാണ് എയര്‍ലൈന്‍സിന് ആദ്യത്തെ വിമാനം ലഭിച്ചത്. ‘ഡോര്‍ണിയര്‍ 228’ വിമാനങ്ങള്‍ സായുധ സേനകള്‍ മാത്രമാണ് ഇത്രയും നാള്‍ ഉപയോഗിച്ചിരുന്നത്.
വിമാനങ്ങളുടെ ലാന്‍ഡിംഗിനായി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അരുണാചല്‍ പ്രദേശിലെ തെസുവിലേക്കും തുടര്‍ന്ന് സിറോയിലേക്കും വിമാനം സര്‍വീസ് നടത്തും. രണ്ടാം ഘട്ടത്തില്‍ വിജയനഗര്‍, മെചുക, അലോംഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യവ്യാപകമായി ചെറുവിമാന സര്‍വീസുകള്‍ വ്യാപകമാക്കാനാണ് പദ്ധതി.