ന്യൂഡൽഹി: ട്രെയിൻ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് ടിക്കറ്റുകൾ റദ്ദാക്കുന്നതിലൂടെ ഒരാൾക്ക് തുക മടക്കി ലഭിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം.
എന്നാൽ ഇപ്പോൾ ചാർട്ട് തയ്യാറാക്കിയതിന് ശേഷവും ഏതെങ്കിലും അടിയന്തര സാഹചര്യം കാരണം നിങ്ങൾക്ക് ടിക്ക്റ്റ് ക്യാൻസൽ ചെയ്ത് പണം തിരികെ നേടാം. നേരത്തെ, ചാർട്ട് തയ്യാറാക്കിയ ശേഷം, റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുമായിരുന്നില്ല. ഈ നിയമമാണ് ഇപ്പോൾ മാറ്റിയിട്ടുള്ളത്.
ചെയ്യേണ്ടതിങ്ങനെ
ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനും റീഫണ്ട് നേടുന്നതിനും ഒരു ടിഡിആർ (ടിക്കറ്റ് ഡെപോസിറ്റ് രസീത്) ഫയൽ ചെയ്യേണ്ടതുണ്ട്. ഇത് ഓൺലൈനിൽ ചെയ്യാവുന്നത്. അത് എങ്ങനെയെന്ന് പരിശോധിക്കാം.
- ഇതിനായി ആദ്യം ഐആർസിടിസിയുടെ www(dot)irctc(dot)co(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
- ഹോം പേജിൽ പോയി ‘my account’ ക്ലിക് ചെയ്യുക.
- അതിൽ ‘my transactions’ തെരഞ്ഞെടുക്കുക.
- നൽകിയിരിക്കുന്ന ഓപ്ഷനിൽ നിന്ന് TDR ഫയൽ ചെയ്യുന്നതിനുള്ള ഒരു കാരണം തിരഞ്ഞെടുത്ത് ‘file TDR’ ക്ലിക് ചെയ്യുക.
- ഇനി ആരുടെ പേരിൽ ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നു എന്ന വിവരം കാണാം. ഇവിടെ നിങ്ങളുടെ PNR നമ്പർ, ട്രെയിൻ നമ്പർ, ക്യാപ്‌ച എന്നിവ പൂരിപ്പിച്ച് ക്യാൻസലേഷൻ നിയമങ്ങളുടെ ബോക്‌സിൽ ടിക് ചെയ്യുക.
- ‘submit’ ക്ലിക് ചെയ്യുക.
- ഇതിനുശേഷം ബുകിംഗ് സമയത്ത് നൽകിയിരിക്കുന്ന നമ്ബറിൽ നിങ്ങൾക്ക് ഒരു OTP ലഭിക്കും. ആ ഒടിപി നൽകിയ ശേഷം ‘submit’ ക്ലിക് ചെയ്യുക.
- PNR വിശദാംശങ്ങൾ പരിശോധിച്ച് ‘Cancel ticket’ ക്ലിക് ചെയ്യുക.
തുടർന്ന് പേജിൽ, ക്യാൻസലേഷൻ ചാർജ് കഴിച്ചുള്ള റീഫണ്ട് തുക കാണും. നിങ്ങൾ നൽകിയ മൊബൈൽ ഫോൺ നമ്പറിൽ, പിഎൻആറിന്റെയും റീഫണ്ടിന്റെയും വിശദാംശങ്ങൾ അടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.