ന്യൂഡൽഹി: ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്തിൽ എല്ലാ സർക്കാരുകൾക്കും പങ്കുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന ‘പ്രധാനമന്ത്രി സംഗ്രഹാലയ’ മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനു പിന്നാലെ ഡിജിറ്റലായി പണം നൽകി ടിക്കറ്റെടുത്ത അദ്ദേഹം തന്നെ മ്യൂസിയത്തിലെ ആദ്യ സന്ദർശകനുമായി.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് മ്യൂസിയം രാജ്യത്തിന് വലിയ പ്രചോദനമാണ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരുടെ കുടുംബങ്ങൾ ഇവിടെയുണ്ട്. അവരുടെ സാന്നിധ്യത്താൽ ഈ ചടങ്ങ് മനോഹരമായെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ ജനാധിപത്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തെ ഓരോ പ്രധാനമന്ത്രിയും തങ്ങളുടേതായ സംഭാവന നൽകിയിട്ടുണ്ട്. അവരെ ഓർക്കുക എന്നത് സ്വതന്ത്ര ഇന്ത്യയുടെ യാത്രയെ അറിയുക എന്നതിന് സമമാണ്. മ്യൂസിയം സന്ദർശിക്കുന്ന എല്ലാവരും അവരുടെ സംഭാവനകളെ കുറിച്ച് അറിയുമെന്നത് തീർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, എന്നിവയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥയും മ്യൂസിയത്തിലുണ്ട്. രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ‘ധർമ്മ ചക്രമേന്തിയ കൈകൾ’ ആണ് ലോഗോ.
ഇന്ത്യൻ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങളും നേതാക്കൾക്ക് ലഭിച്ച ഉപഹാരങ്ങൾ, സ്മരണികകൾ, പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങൾ, അവരുടെ ജീവിതം, ഇന്ത്യൻ രാഷ്ട്രീയ ഗതി വിഗതികൾക്ക് രൂപം നൽകിയ വിവിധ ആശയങ്ങൾ തുടങ്ങി 43 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണമുള്ള വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ പ്രദർശനവുമുണ്ട്.
നെഹ്രുവിന്റെ പേരിൽ അറിയപ്പെടുന്ന തീൻമൂർത്തി ഭവൻ വളപ്പിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ 271 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രധാനമന്ത്രി സംഗ്രഹാലയം. ആദ്യകാലത്ത് ബ്രിട്ടീഷ് സേനാ മേധാവിയുടെ ആസ്ഥാനമായിരുന്ന തീൻമൂർത്തി ഭവൻ 1947നു ശേഷം പ്രധാനമന്ത്രി നെഹ്രുവിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായി. നെഹ്രു മ്യൂസിയം, ലൈബ്രറി,നെഹ്രു പ്ലാനറ്റേറിയം എന്നിവ ഇവിടെയുണ്ട്. നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എക്സിക്യൂട്ടീവ് കൗൺസിൽ അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയാണ് പ്രധാനമന്ത്രി സംഗ്രഹാലയയുടെ സൂത്രധാരൻ.