രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷകരുടെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി ചെവഴിക്കുമെന്ന് ഹർഭജൻ സിങ്

Advertisement

ന്യൂഡൽഹി: രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷകരുടെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് എംപി.
രാജ്യത്തിന്റെ പുരോഗതിക്കായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു രാജ്യസഭാംഗം എന്ന നിലയിൽ, കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്പളം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എനിക്ക് കഴിയുന്നതെല്ലാം ചെയ്യും… ജയ് ഹിന്ദ്!’ -ഹർഭജൻ സിങ് ട്വീറ്റ് ചെയ്തു.

അടുത്തിടെ പഞ്ചാബിൽ നിന്ന് ആം ആദ്മി പാർടി രാജ്യസഭാംഗമായി ഹർഭജൻ സിംഗ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായി എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റും നേടിയാണ് എഎപി വിജയം സ്വന്തമാക്കിയത്.