ന്യൂഡൽഹി: വേനൽ കടുത്തതോടെ ചെറുനാരങ്ങ വില കത്തിക്കയറുന്നു. ഡൽഹിയിൽ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്.
പുനെയിൽ ചിലയിടങ്ങളിൽ ഒരെണ്ണത്തിന് 20 രൂപ വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. വേനൽക്കാലത്ത് ശരാശരി അഞ്ചു രൂപ മുതൽ പത്തുരൂപ വരെ ചെറുനാരങ്ങ വില വർധിക്കാറുണ്ട്. എന്നാൽ ഒരെണ്ണത്തിന് 20 രൂപ വരെ വർധിക്കുന്നത് ആദ്യമായാണെന്ന് കച്ചവടക്കാർ പറയുന്നു.
രണ്ട് ലിറ്റർ പെട്രോളിന്റെ വിലയാണ് ഒരു കിലോ ചെറു നാരങ്ങയ്ക്ക് . ഇതോടെ നാരങ്ങാ വെള്ളത്തിനും വില കൂടിയിട്ടുണ്ട്. ഡൽഹിയിൽ ഒരു ഗ്ലാസ് നാരങ്ങ സോഡയ്ക്ക് 15 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് വില ഇരട്ടിയായി. 25നും 30 രൂപയ്ക്കും ഇടയിലാണ് വില.
ഡൽഹിയിൽ 40 ഡിഗ്രിയിക്ക് മുകളിലാണ് താപനില. നാരങ്ങ വെള്ളം കുടിച്ച് ദാഹമകറ്റാം എന്ന് കരുതിയാൽ ബുദ്ധിമുട്ടും.കിലോക്ക് 290 രൂപയാണ് വില. ഇത് പ്രത്യേക നിരക്കാണെന്ന് കച്ചവടക്കാർ പറയുന്നു. യഥാർഥ വില 300 ന് മുകളിലെന്നാണ് അവർ പറയുന്നത്.