തൂത്തുക്കുടി: സിഗരറ്റ് ലൈറ്ററുകളുടെ ഇറക്കുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടിയിലെ തീപ്പെട്ടി നിർമാതാക്കൾ കേന്ദ്രമന്ത്രിയെ സമീപിച്ചു.
സിഗരറ്റ് ലൈറ്ററുകൾ ഇറക്കുമതി ചെയ്യുന്നത് തീപ്പെട്ടി വ്യാപാരികളുടെ നിലനിൽപിന് തന്നെ ഭീഷണിയാണെന്നാണ് നിർമാതാക്കൾ പറയുന്നത്.
അതുകൊണ്ടുതന്നെ സിഗരറ്റ് ലൈറ്റർ നിരോധിക്കാനും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനും നടപടിയെടുക്കണമെന്ന് നിർമാതാക്കൾ വിരുദു നഗറിലെത്തിയ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ഡോ. എൽ മുരുകനുമായുള്ള കൂടിക്കാഴ്ചയിൽ അഭ്യർഥിച്ചു.
തമിഴ്നാട്ടിലെ വിരുദുനഗർ, തൂത്തുക്കുടി, തിരുനെൽവേലി, വെല്ലൂർ ജില്ലകളിലെ ഗ്രാമീണരുടെ പ്രധാന വരുമാനമാർഗമാണ് തീപ്പെട്ടി ഫാക്ടറികൾ. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. അവരിൽ 90% വും സ്ത്രീകളാണ്. കഴിഞ്ഞ 80 വർഷമായി പ്രവർത്തിക്കുന്ന ഈ വ്യവസായം, സമീപ വർഷങ്ങളിൽ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ ക്രമാതീതമായ വർധനയെ തുടർന്ന് ഭീഷണിയുടെ വക്കിലാണ്.
തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന തീപ്പെട്ടികൾ ആഭ്യന്തര വിപണിയിൽ 90% വും അന്താരാഷ്ട്ര വിപണിയിൽ 40% വിറ്റഴിക്കുന്നു.
അസംസ്‌കൃത വസ്തുക്കളുടെയും സ്പിന്നിംഗ് – ഇന്ധന- ഗതാഗത ടോൾ വിലകൾ വർധിക്കുന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ തീപ്പെട്ടി നിർമാതാക്കൾ ഓരോ ബോക്സിന്റെയും പരമാവധി വില രണ്ടുരൂപയായി ഉയർത്തിയിരുന്നു. 14 വർഷത്തിന് ശേഷമാണ് ഈ വർധനവ്. വില വർധിച്ചെങ്കിലും വ്യവസായം നിലനിർത്താൻ കഴിയുന്നില്ലെന്ന് നിർമാതാക്കൾ പറഞ്ഞു. സിഗരറ്റ് ലൈറ്ററുകളുടെ ഇറക്കുമതി ആഭ്യന്തര, റീടെയിൽ വിപണികളിലെ തീപ്പെട്ടി വിൽപനയെ കാര്യമായി ബാധിച്ചതായും നിർമാതാക്കൾ ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം സിഗരറ്റ് വലിക്കുന്നവരാണ് പ്രധാനമായും തീപ്പെട്ടികൾ വാങ്ങുന്നതെന്ന് നാഷനൽ സ്‌മോൾ മാച് മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം പരമശിവം പറഞ്ഞു. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ വിപണിയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന പോക്കറ്റ് ലൈറ്ററുകൾ, ഗാസ് ലൈറ്ററുകൾ, റീഫിൽ ചെയ്യാവുന്ന ലൈറ്ററുകൾ എന്നിവ തീപ്പെട്ടി വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോക്കറ്റ് ലൈറ്ററുകൾ, ഗാസ് ലൈറ്ററുകൾ, റീഫിൽ ചെയ്യാവുന്ന ലൈറ്ററുകൾ എന്നിവ നയ രഹിത ചരക്കുകളും നിയമപരമായി ഇറക്കുമതി ചെയ്യുന്നവയുമാണ്. ഇത് പ്രധാനമായും ചൈനയിൽ നിന്നും മുംബൈയിലെ നവാ ഷെവ തുറമുഖത്ത് നിന്നും ജർമനിയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണെന്ന് കസ്റ്റംസ് ഏജന്റ് ബി എം അഹ് മദ് ജാൻ പറയുന്നു.
പെട്ടിക്കടകളിലും കഫറ്റീരിയകളിലും സിഗരറ്റ് ലൈറ്ററുകൾ എത്തിയതോടെ ആഭ്യന്തരമായി നിർമിച്ച തീപ്പെട്ടികൾക്ക് വിപണിയിൽ കടുത്ത മത്സരം തന്നെ നേരിടേണ്ടി വരുമെന്നും തീപ്പെട്ടി ഫാക്ടറി ഉടമ കതിരവൻ പറഞ്ഞു. സിഗരറ്റ് ലൈറ്ററുകളുടെ വരവ് തീപ്പെട്ടികളുടെ നിലനിൽപിനെ തന്നെ ബാധിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ലൈറ്ററുകൾ ഇറക്കുമതി ചെയ്യുന്നത് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പരിശോധിച്ച് തീപ്പെട്ടി ഫാക്ടറികളുടെ ബിസിനസിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കി അവ നിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഗരറ്റ് ലൈറ്ററുകൾ രാജ്യത്ത് നിരോധിക്കണമെന്നും തീപ്പെട്ടി ഫാക്ടറികളുടെ ആഭ്യന്തര വിപണിക്ക് നേട്ടമുണ്ടാക്കാൻ ലൈറ്ററുകളുടെ അനധികൃത ഇറക്കുമതി പരിശോധിക്കണമെന്നും കോവിൽപട്ടി എംഎൽഎ കടമ്പൂർ സി രാജുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്
ചെയ്തു.
സിഗരറ്റ് ലൈറ്ററുകൾ കൂടാതെ, പൊടാസ്യം ക്ലോറേറ്റ്, കാർഡ് ബോർഡ്, മെഴുക് എന്നിവയുടെ വിലയും നിയന്ത്രിക്കേണ്ടതുണ്ട്. എഐഎഡിഎംകെ ഭരണകാലത്ത്, ജിഎസ്ടി സ്ലാബ് 18% ൽ നിന്ന് 12% ആയി കുറയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.