ന്യൂഡൽഹി: രാജ്യത്ത് മൊത്തവിലപ്പെരുപ്പം 14.55 ശതമാനമായി ഉയർന്നു. ഫെബ്രുവരി മാസത്തിൽ ഇത് 13.11 എന്ന നിരക്കിലായിരുന്ന പണപ്പെരുപ്പമാണ് മാർച്ചിൽ 14.55 ആയി ഉയർന്നത്. റഷ്യ- ഉക്രൈൻ യുദ്ധമാണ് പണപ്പെരുപ്പം ഉയരാൻ കാരണമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മാർച്ച് മാസത്തിൽ പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റത്തിൽ കുറവുണ്ടായെങ്കിലും ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വിലയിൽ വൻ വർധനവുണ്ടായി. ഫെബ്രുവരിയിൽ പച്ചക്കറി വില 26.93 ശതമാനമായിരുന്നെങ്കിൽ മാർച്ചിൽ 19.88 ശതമാനമായി കുറഞ്ഞു. മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ തോത് 8.19ൽ നിന്ന് 8.06 ആയും കുറഞ്ഞു. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും പണപ്പെരുപ്പം ഫെബ്രുവരിയിലെ 31.50 ശതമാനത്തിൽ നിന്ന് മാർച്ചിൽ 34.52 ശതമാനമായി ഉയർന്നു.
ക്രൂഡ്, പെട്രോളിയം ഉൽപന്നങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ
55.17 ശതമാനത്തിൽ നിന്ന് കുത്തനെ ഉയർന്ന് 83.56 ശതമാനമായി. മറ്റ് മേഖലകളിൽ, പ്രൈമറി സാധനങ്ങളുടെ പണപ്പെരുപ്പ നിരക്ക് 13.39ൽ നിന്ന് 15.54 ശതമാനമായും നിർമ്മിത ഉൽപ്പന്നങ്ങളുടെ നിരക്ക് 9.84 ൽ നിന്ന് 10.71 ശതമാനമായും ചരക്ക് സൂചിക 2.69 ശതമാനമായും വർധിച്ചു. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്ത പണപ്പെരുപ്പ നിരക്ക് നേരത്തെ കണക്കാക്കിയതിനേക്കാൾ കൂടുതലാണ്. ഇത് 13.30 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ, മാസാമാസം, രാജ്യത്തെ പൊതുസമൂഹം തിരിച്ചടി നേരിടുകയാണ്. മൊത്തവിലപ്പെരുപ്പത്തിന്റെ കണക്ക് കഴിഞ്ഞ 12 മാസമായി ഇരട്ട അക്കത്തിൽ തുടരുന്നതാണ് സ്ഥിതി. ഇതോടൊപ്പം, മാർച്ച് മാസത്തിലെ മൊത്ത പണപ്പെരുപ്പത്തിന്റെ തോത് കഴിഞ്ഞ നാല് മാസത്തെ അല്ലെങ്കിൽ 2021 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
റഷ്യയും ഉക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2022 മാർച്ചിൽ റഷ്യ- ഉക്രെയ്ൻ സംഘർഷം മൂലം ഉണ്ടായ ഉയർന്ന പണപ്പെരുപ്പ നിരക്ക് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കിയെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
റീട്ടെയിൽ പണപ്പെരുപ്പം 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. മാർച്ചിൽ റീട്ടെയിൽ പണപ്പെരുപ്പം 6.95 ശതമാനമായി ഉയർന്നു. ഫെബ്രുവരിയിൽ ഇത് 6.07 ശതമാനമായിരുന്നു. ഇത് തുടർച്ചയായ മൂന്നാം മാസമാണ് റീട്ടെയിൽ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിൽ തുടരുന്നത്. നേരത്തെ 2020 ഒക്ടോബറിൽ റീട്ടെയിൽ പണപ്പെരുപ്പം 7.61 ശതമാനമായിരുന്നു.