ഒരോ മിനിറ്റിലും വിറ്റത് 41 പോളിസികൾ; മികച്ച മുന്നേറ്റവുമായി എൽഐസി

Advertisement

കൊച്ചി: പ്രഥമ ഓഹരി വിൽപ്പനയ്‌ക്കൊരുങ്ങുന്ന ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി മികച്ച വാർഷിക വളർച്ചയുമായി വിപണിയിൽ മുന്നേറ്റം തുടരുന്നു.

2021-22 സാമ്പത്തിക വർഷം മൊത്തം ഗ്രൂപ്പ് പോളിസികളിൽ (ജിആർപി) 12.66 ശതമാനം വർധന നേടി. മുൻ വർഷത്തെ 1.28 ലക്ഷം കോടി രൂപയെ അപേക്ഷിച്ച്‌ ഇത്തവണ 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എൽഐസി വിറ്റത്.

2021-22 വർഷം മൊത്തം 2.17 കോടി ഇൻഷുറൻസ് പോളിസികളാണ് വിൽപ്പന നടത്തിയത്. മുൻ വർഷം ഇത് 2.10 കോടി ആയിരുന്നു. ഓരോ മിനിറ്റിലും 41 പോളിസികൾ എന്ന തോതിലായിരുന്നു സാമ്പത്തിക വർഷം എൽഐസിയുടെ വിവിധ പോളിസികളുടെ വിൽപ്പന. ഇൻഷുറൻസ് പോളിസി വിൽപ്പനയിൽ 3.54 ശതമാനം വളർച്ചയോടെ വിപണി വിഹിതം 74.51 ശതമാനത്തിൽ നിന്നും 74.60 ശതമാനമായി ഉയർത്തുകയും ചെയ്തു.

വ്യക്തിഗത നോൺ-സിംഗിൾ പ്രീമിയം 27,584.02 കോടി രൂപയിൽ നിന്നും 8.82 ശതമാനം വർധിച്ച്‌ 30,015.74 കോടി രൂപയിലെത്തി. 2,495.82 കോടി രൂപ ആയിരുന്ന വ്യക്തിഗത സിംഗിൾ പ്രീമിയം 61 ശമതാനം വർധിച്ച്‌ 4,018.33 കോടി രൂപയിലെത്തി. 1.84 കോടി രൂപയായിരുന്ന മൊത്തം ആദ്യ വർഷ പ്രീമിയം 7.92 ശതമാനവും വർധിച്ച്‌ 1.98 കോടി രൂപയിലെത്തി. ഗ്രൂപ്പ് സിംഗിൾ പ്രീമിയം 48.09 ശതമാനം വർധിച്ച്‌ 30,052.86 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 20,294 കോടി രൂപയായിരുന്നു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്‌ എൽഐസിയുടെ ജിആർപി വളർച്ചയിലുള്ള വർധന 59.50 ശതമാനമാണ്.

നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ തന്നെ എൽഐസിയുടെ ഐപിഒ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സെബിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 5.39 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം. എൽഐസിയുടെ 31.6 കോടി ഓഹരികളാണ് സർക്കാർ വിൽക്കാനൊരുങ്ങുന്നത്.