സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധനയ്ക്കെതിരെ റോഡരികിൽ ഷൂ പോളിഷ് ചെയ്ത് രക്ഷിതാക്കളുടെ പ്രതിഷേധം

Advertisement

നോയിഡ: സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധനയ്ക്കെതിരെ റോഡരികിൽ ഷൂ പോളിഷ് ചെയ്ത് രക്ഷിതാക്കളുടെ പ്രതിഷേധം.

തിങ്കളാഴ്ച രാവിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.

സ്വകാര്യ സ്ഥാപനങ്ങളിൽ ചാർട്ടേഡ് അകൗണ്ടന്റുമാരായും മാനേജർമാരായും എൻജിനീയർമാരായും ജോലി ചെയ്യുന്ന രക്ഷിതാക്കൾ ഫീസ് നിയന്ത്രണ നിയമം അവഗണിച്ച്‌ ഫീസ് വർധിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ നടപടിക്കെതിരെ ഷൂ പോളിഷ് ചെയ്യാൻ റോഡരികിൽ ഇരുന്നു പ്രതിഷേധിച്ചു.

സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകി ഈ മാസം ആദ്യം ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് രക്ഷിതാക്കളുടെ പ്രതിഷേധ പ്രകടനം. സാധനങ്ങളുടെ വിലക്കയറ്റം മൂലം രക്ഷിതാക്കളുടെ പ്രശ്നങ്ങൾ ഇതിനോടകം തന്നെ വർധിച്ചിരിക്കുകയാണ്. അതോടൊപ്പം സ്‌കൂൾ ഫീസ് കൂടി വർധിപ്പിച്ചാൽ അത് തങ്ങൾക്ക് ഇരട്ടി തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

എൻസിആർ ഗാർഡിയൻസ് അസോസിയേഷനും നോയിഡ എക്സ്റ്റൻഷൻ ഫ്ളാറ്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷനും (NEFOWA). ചേർന്നാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ പ്രതിഷേധം സംഘടിപ്പിച്ചത്.

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധിപ്പിക്കാനുള്ള ഉത്തരവ് നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് എൻസിആർ പാരന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുഖ്പാൽ സിംഗ് ടൂർ ചോദിച്ചു.

ഈ വർഷം സ്‌കൂൾ ഫീസ് വർധിപ്പിക്കില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഫീസ് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

സ്‌കൂളുകളുടെ ‘സ്വേച്ഛാധിപത്യം’ വിട്ടുപോകുന്നില്ലെന്ന് നെഫോവ പ്രസിഡന്റ് അഭിഷേക് കുമാർ പറഞ്ഞു. കോവിഡ് -19 പാൻഡെമിക് സമയത്ത്, പല സംസ്ഥാനങ്ങളും സ്വകാര്യ സ്‌കൂളുകളിലെ ഫീസ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ, യുപിയിലും സമാനമായ ഒരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു, എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓൺലൈൻ ക്ലാസുകൾ നടത്തിയിട്ടും സ്‌കൂളുകൾ രക്ഷിതാക്കളിൽ നിന്ന് മുഴുവൻ ഫീസും വാങ്ങുന്നുവെന്നും കുമാർ കൂട്ടിച്ചേർത്തു.

ചില സ്‌കൂളുകൾ ടൂഷൻ ഫീസിനൊപ്പം നിർമാണ ഫീസ് കൂടി ചേർത്ത് ചാർജ് വർധിപ്പിച്ചതായി എൻസിആർ പാരന്റ്‌സ് അസോസിയേഷൻ ജെനറൽ സെക്രട്ടറി വികാഷ് കത്യാർ പറഞ്ഞു.

അടുത്ത കാലത്ത് ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ വില വളരെയധികം ഉയർന്നു. ഇത് സാധാരണക്കാരന്റെ ബജറ്റിനെ താറുമാറാക്കി. അതോടൊപ്പം സ്‌കൂൾ ഫീസ് വർധന അവന്റെ നട്ടെല്ല് തന്നെ തകർക്കുമെന്നും കത്യാർ പറഞ്ഞു.

അത്തരം സ്ഥാപനങ്ങൾ അവരുടെ വരുമാന, ചെലവ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്നും പ്രൊഫസർമാർക്ക് നൽകുന്ന ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടണമെന്നും ചട്ടങ്ങൾ പാലിക്കാത്ത ഒരു സ്‌കൂളിനെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രകടനക്കാർ പറഞ്ഞു.

കുറഞ്ഞ ഫീസിൽ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ലഭിക്കുന്നതിനായി സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ മുഖ്യമന്ത്രി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

Advertisement