ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യ​യിൽ; സബർമ്മതിയാശ്രമത്തിൽ ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമം

Advertisement

അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഹമ്മദാബാദിലെത്തി.

സബർമതി ആശ്രമത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമം നടത്തി. സന്ദർശനത്തിന് ശേഷം സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു, ‘ലോകത്തെ മികച്ചതാക്കാൻ എങ്ങനെ ഗാന്ധിജി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങൾ സമാഹരിച്ചുവെന്ന് മനസിലാക്കാൻ, ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തിൽ വരാൻ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്’ എന്നു അദ്ദേഹം കുറിച്ചു.

വ്യാഴാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അഹമ്മദാബാദിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് നഗരത്തിലെ ഒരു ഹോട്ടൽ വരെയുള്ള നാല് കിലോമീറ്റർ യാത്രയിൽ അദ്ദേഹത്തിനു ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത് എന്നിവർ ചേർന്നാണ് ബോറിസ് ജോൺസണെ സ്വീകരിച്ചത്.
ഒരു ദിവസം ഗുജറാത്തിൽ തങ്ങുന്ന ബോറിസ് ജോൺസൺ സംസ്ഥാനത്തെ ബിസിനസ് തലവൻമാരുമായി ചർച്ച നടത്തും. ഗുജറാത്ത് സന്ദർശനത്തിന് ശേഷം ഡൽഹിയിലെത്തുന്ന ബോറിസ് ജോൺസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.

Advertisement