ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ

Advertisement

ഗുജറാത്ത്: ദലിത് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ഇട്ടതിന്റെ പേരിൽ. അസം പോലീസാണ് ജിഗ്നേഷ് മേവാനിയെ ബുധനാഴ്ച രാത്രി 11.30ന് ഗുജറാത്തിലെ പാലൻപുർ സർക്യൂട്ട് ഹൗസിൽ വെച്ച് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ അനൂപ് കുമാർ ദേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘങ്ങൾ ഇല്ലാതാക്കി സമാധാനത്തിന് വേണ്ടി അഭ്യർഥിക്കണം എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ഐടി ആക്റ്റിലെ സെക്ഷൻ 66, സെക്ഷൻ 153 എന്നീ വകുപ്പുകൾ പ്രകാരമാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ കേസെടുത്തത്.

എന്നാൽ എഫ്‌ഐആറിന്റെ പകർപ്പ് നൽകാതെയാണ് അറസ്റ്റ് എന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പരാതിക്ക് ആധാരമായ ജിഗ്‌നേഷിന്റെ ട്വീറ്റുകൾ ട്വിറ്റർ തടഞ്ഞിട്ടുണ്ട്. എഫ്‌ഐആർ റദ്ദാക്കണമെന്നും ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം നൽകണമെന്നുമാവശ്യപ്പെട്ട് അസം ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ ആനന്ദ് യാജ്ഞിക് അറിയിച്ചു.