ന്യുഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ചർച്ച തുടങ്ങി.
യെമൻ അധികൃതർ ജയിലിലെത്തി നിമിഷ പ്രിയയോട് ദയാധനത്തെ കുറിച്ച് സംസാരിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 ദശലക്ഷം (5 കോടി) യെമൻ റിയാലാണ്. ഏകദേശം 1.52 കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ വരുമിത്. റമസാൻ അവസാനിക്കുന്നതിനു മുൻപ് തീരുമാനം അറിയിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
നിമിഷയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന നിമിഷയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇന്നലെ നിമിഷയുമായി സംസാരിച്ചുവെന്നും എത്രയും പെട്ടെന്നുള്ള ഇടപെടൽ വേണമെന്ന് നിമിഷ ആവശ്യപ്പെട്ടതായും ഭർത്താവ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കാൻ നിമിഷ പ്രിയ നൽകിയ അപ്പീലുകൾ യെമൻ കോടതികൾ തള്ളിയതോടെ മെയൻ നിയമപ്രകാരം ദയാധനം നൽകി ശിക്ഷയിൽ ഇളവ് നേടുകയാണ് ഏക പോംവഴി. ദയാധനം സ്വീകരിക്കാൻ ആദ്യമൊന്നും തലാലിന്റെ കുടുംബം തയാറായില്ലെങ്കിലും നിരന്തരമായ ഇടപെടലുകളെ തുടർന്ന് പിന്നീട് വഴങ്ങുകയായിരുന്നു.
നിമിഷ പ്രിയയുടെ മോചനത്തിന് അപ്പീൽ നൽകാൻ കുടുംബത്തിന് സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. നിമിഷയുടെ കുടുംബാംഗങ്ങൾക്കും മോചനത്തിന് വേണ്ടിയുള്ള ആക്ഷൻ കൗൺസിലിനും മെയനിലേക്ക് പോകുന്നതിനുള്ള യാത്രാനിയന്ത്രണം ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആണ് നേതൃത്വം നൽകുന്നത്. നിമിഷ പ്രിയയെ കാണാൻ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവർ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി തേടി ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവർക്കൊപ്പം സേവ് നിമിഷ പ്രിയ ഇൻറർനാഷണൽ ആക്ഷൻ കൗൺസിലിലെ നാല് പേരും അപേക്ഷ നൽകിയിട്ടുണ്ട്.
നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങൾ എന്ന നിലയിലാണ് സംഘം യെമനിലേക്ക് പോകാൻ തീരുമാനിച്ചത്. മനഃപൂർവ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിൻറെ കുടുംബവും യെമൻ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും നിമിഷ അമ്മയ്ക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.