എൽഐസി ഓഹരി വിൽപന; ജീവനക്കാർ മെയ് 4ന് ഇറങ്ങിപ്പോക്ക് സമരം നടത്തും

Advertisement

കൊച്ചി: എൽഐസി ഓഹരി വിൽപ്പന മെയ് നാലിന് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ അന്നേദിവസം എൽഐസി ജീവനക്കാർ രണ്ട് മണിക്കൂർ ഇറങ്ങിപോക്ക് നടത്തി പ്രതിഷേധ സമരം നടത്തുമെന്ന് ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) അറിയിച്ചു.

ധനക്കമ്മി നികത്താനുള്ള സർക്കാരിന്റെ വഴിവിട്ട നീക്കത്തിന്റെ ഭാഗമായിട്ടാണ് നേരത്തെ 15 ലക്ഷം കോടി വില നിശ്ചയിച്ചിരുന്ന സ്ഥാപനത്തിന്റെ വില ആറ് ലക്ഷം കോടിയായി കുറച്ചത്. ഇത് എൽഐസിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ തകർക്കുന്നതാണ്. സ്ഥാപനത്തിന്റെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചല്ല ഓഹരിയുടെ വില നിശ്ചയിച്ചിരിക്കുന്നത്, മറിച്ച്‌ നിക്ഷേപകർ നിശ്ചയിച്ച വിലയാണ് എന്നുള്ളതും ഏറെ വിചിത്രമാണ് എന്ന് എഐഐഇഎ പ്രസ്താവനയിൽ പറഞ്ഞു.

ഐപിഒ എന്നത് സ്വകാര്യവത്കരണത്തിന്റെ ആദ്യപടിയാണ്. രാജ്യത്തിന്റെ ഇന്നേവരെയുള്ള വികസനത്തിന്റെ അവിഭാജ്യ ഘടകമാണ് എൽഐസി. എൽഐസിയുടെ മുദ്ര പതിയാത്ത ഒരു മേഖലയും ഇന്ത്യയിലില്ല. 22 വർഷത്തെ മത്സരത്തിന് ശേഷവും 70 ശതമാനം വിപണി പങ്കാളിത്തം എൽഐസിക്ക് ഉണ്ട് എന്നുള്ളത് ഈ സ്ഥാപനത്തിന്റെ കരുത്തിനെ കാണിക്കുന്നു. ഓഹരി വില്പന രാജ്യത്തിന്റെയും പോളിസി ഉടമകളുടെയും സാധാരണക്കാരുടെയും താത്പര്യത്തിന് എതിരാണ്. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് സംഘടന ഇറങ്ങിപ്പോക്ക് സമരത്തിന് ആഹ്വാനം ചെയ്യുന്നത് എന്നും എഐഐഇഎ പത്രകുറിപ്പിൽ അറിയിച്ചു.

Advertisement