ശ്രീ കാളഹസ്തി ക്ഷേത്രം,സര്‍പ്പദോഷ രാഹുകേതുദോഷ പരിഹാരത്തിന് പ്രഥമാശ്രയം

Advertisement

പ്രസാദ്

ശ്രീ കാളഹസ്തി – പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന 5 ശിവക്ഷേത്രങ്ങളിൽ വായുവിനെയും, നവഗ്രഹ സങ്കൽപങ്ങളിൽ രാഹു-കേതുക്കളെയും പ്രതിനിധീകരിക്കുന്ന ക്ഷേത്രമാണ് ആന്ധ്രപ്രദേശിലെ ചിറ്റൂരിലുള്ള ശ്രീ കാളഹസ്തി ക്ഷേത്രം.സ്വര്‍ണമുഖീ നദിക്കരയില്‍ പാറമലതുരന്ന് ആണ് ക്ഷേത്രത്തിന്‍റെ പ്രമുഖ ഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ശ്രീ – ചിലന്തി, കാള – സർപ്പം, ഹസ്തി – ആന എന്നീ മൂന്ന് വാക്കുകളിൽ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത് എന്ന് ഐതിഹ്യം.

ക്ഷേത്രത്തിനുള്ളിൽ ഫോൺ, ഫോട്ടോഗ്രഫി എന്നിവയ്ക്ക് നിരോധനം ഉണ്ട്. ദേവസ്വത്തിൻ്റെ ഈ തീരുമാനം മികച്ചത് എന്ന് മനസ്സിലാക്കി തരുന്നതാണ് ഉള്ളിലെ ഓരോ കാഴ്ചകളും.

നിർമ്മാണ ശൈലി അനുസരിച്ച് തമിഴ് വാസ്തുവിദ്യയുടെ മറ്റൊരു മികവാർന്ന ഉദാഹരണമാണ് കാളഹസ്തി. ചിദംബരം പോലെ മറ്റൊരു വിഷ്വൽ ട്രീറ്റ്. കല്ലിൽ കൊത്തിയ മഹാകാവ്യങ്ങൾ ആണ് ക്ഷേത്രത്തിലെ ഓരോ കാഴ്ചയും.

പാതാള ഗണപതി, 63 നായനാർമാർ , കാലഭൈരവൻ, ദക്ഷിണാമൂർത്തി, പഞ്ചനാഗ ശിരസ്സുമായി ശിവൻ, സപ്ത മാതൃക്കൾ തുടങ്ങി ഒരു ദേവലോകം തന്നെയാണ് ക്ഷേത്രം. ഓരോ ഇടനാഴികളും, കൽത്തൂണുകളും ശിലപ്സമുദ്രങ്ങൾ ആണ്. പിന്നെ മധുര മീനാക്ഷിയെ പോൽ സുന്ദരിയായി മനസ്സിൽ മായാതെ നിൽക്കുന്ന ദേവി, സാക്ഷാൽ ത്രിപുര സുന്ദരി – ജ്ഞാന പ്രസൂന്നാംബിക. ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠയായ ശിവലിംഗത്തിൽ പ്രധാന പൂജാരി പോലും തൊടാറില്ല എന്നൊരു പ്രത്യേകതയും ഉണ്ട്. ഗ്രഹണ സമയത്ത് തുറന്നിരിക്കുന്ന ഏക ക്ഷേത്രമാണിത്.

രാഹു കേതു ദോഷങ്ങൾ, സർപ്പ ദോഷം എന്നിവ മാറുന്നതിനായുള്ള പൂജകളാണ് ക്ഷേത്രത്തിൽ പ്രധാനം. രുദ്രാഭിഷേകവും ഒരു പ്രധാന വഴിപാടാണ്. സര്‍പ്പദോഷ പരിഹാരത്തിനാണ് പ്രധാന പൂജ, പൂജാദ്രവ്യങ്ങള്‍ വാങ്ങി കര്‍മ്മികളുടെ നിര്‍ദ്ദേശമനുസരിച്ച് സ്വയം പൂജ നിര്‍വഹിക്കുകയാണ് രീതി.

ആദ്യമായി പോകുമ്പോൾ ഒരു ഗൈഡിൻ്റെ സഹായം തേടുന്നത് നന്നായിരിക്കും.

2017 ൽ പുതുക്കി പണിത രാജഗോപുരം.

ചിത്രത്തിൽ കാണുന്നത് – 2017 ൽ പുതുക്കി പണിത രാജഗോപുരം.

ശ്രീ കാളഹസ്‌തി സന്ദർശനം. പൂജാസമയം പ്രത്യേകതകള്‍, എത്താനുള്ള വഴി എന്നിവ വെബ് സൈറ്റില്‍ ലഭ്യമാണ്. റെനിഗുണ്ട സ്റ്റേഷനില്‍ ട്രയിന്‍ ഇറങ്ങി ബസിലോ സ്വകാര്യ വാഹനത്തിലോ പോകാം, ശ്രീകാളഹസ്തിക്ക് റെയില്‍ റൂട്ടില്‍ പോകാമെങ്കിലും അപൂര്‍വമായേ ട്രയിന്‍ കിട്ടുകയുള്ളു.

Advertisement