ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹത്തിനിടെ വധുവിനെ വെടിവെച്ചു കൊന്നു. യുവതി വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ കാമുകൻ പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മഥുരയിലെ നൗജ്ഹീൽ മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കാജലാണ് കൊല്ലപ്പെട്ടത്. കാജലുമായി യുവാവ് പ്രണയത്തിലായിരുന്നു. ബന്ധം അവഗണിച്ച് കൊണ്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അനീഷിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മാലയിടൽ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിനകത്തേയ്ക്ക് പോയ മകൾക്ക് നേരെ അനീഷ് വെടിയുതിർക്കുകയായിരുന്നുവെന്ന് അച്ഛന്റെ പരാതിയിൽ പറയുന്നു. തലയ്ക്ക് വെടിയേറ്റ യുവതി തത്ക്ഷണം മരിച്ചു.