ന്യൂഡൽഹി: കരസേനയുടെ 29ാമത് മേധാവിയായി ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. ജനറൽ എം എം നരാവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെ നിയമിതനായത്.
കാലാവധി പൂർത്തിയാക്കി നരാവനെ ഇന്ന് പടിയിറങ്ങുകയാണ്. എഞ്ചിനീയറിംഗ് വിഭാഗത്ത് നിന്ന് കരസേനാ മേധാവിയായി എത്തുന്ന ആദ്യത്തെ ഉദ്യോഗസ്ഥൻ കൂടിയാണ് മനോജ് പാണ്ഡെ.
സേനയിലെ ഏറ്റവും മുതിർന്ന ലെഫ്റ്റനന്റ് എന്ന നിലയിലാണ് അടുത്ത കരസേനാ മേധാവിയായി പാണ്ഡെയെ സർക്കാർ തിരഞ്ഞെടുത്തത്. ഫെബ്രുവരി ഒന്നിന് സേനയുടെ ഉപമേധാവിയായി ചുമതലയേൽക്കുന്നതിന് മുൻപ് സിക്കിം, അരുണാചൽ പ്രദേശ് മേഖലകളിലെ നിയന്ത്രണ രേഖകൾ (ലൈൻ ഒഫ് കൺട്രോൾ) സംരക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഈസ്റ്റേൺ ആർമി കമാൻഡിന്റെ തലവനായിരുന്നു ജനറൽ പാണ്ഡെ. മേയ്ആറിന് അറുപത് വയസ് തികയുകയാണ് ജനറലിന്.
കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് ജനറൽ പുതിയ സ്ഥാനത്തേക്ക് ചുമതലയേൽക്കുന്നത്. നിയന്ത്രണ രേഖയെ സംരക്ഷിക്കുകയും കലാപ വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഗജരാജ് കോർപ്‌സ് കമാൻഡർ ആയാണ് ആദ്യം സേവനമനുഷ്ഠിച്ചത്.
ജനറൽ കേഡർ ബ്രിഗേഡിയറായ അദ്ദേഹം ജമ്മു കാശ്‌മീരിൽ പാകിസ്ഥാനുമായി പങ്കിടുന്ന നിയന്ത്രണരേഖയിലെ ബ്രിഗേഡിന് നേതൃത്വം നൽകുകയും പടിഞ്ഞാറൻ ലഡാക്കിൽ ജനറലായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ആൻഡമാൻ ആന്റ് നിക്കോബാർ കമാന്റിന്റെ മേധാവിയായും പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ ഓപ്പറേഷൻ പരാക്രം നടക്കുന്ന സമയത്ത് നിയന്ത്രണ രേഖയിലെ എഞ്ചിനീയർ റെജിമെന്റിന്റെ കമാൻഡറായും പ്രവർത്തിച്ചിരുന്നു.