ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം 2025ഓടെ പൂർത്തിയാകുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്.
2023 ഡിസംബറോടെ രാംലല സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗം കാമേശ്വർ ചൗപാൽ പറഞ്ഞു. താത്കാലിക സ്ഥലത്ത് നിന്ന് രാംലല വിഗ്രഹം പ്രധാന മന്ദിരത്തിലേക്ക് മാറ്റി പൂജ തുടങ്ങാനും ദർശനം അനുവദിക്കാനും അടുത്ത ഡിസംബറോടെ സാദ്ധ്യമാകുമെന്നും കാമേശ്വർ പറഞ്ഞു.
അയോദ്ധ്യ ക്ഷേത്ര പരിസരത്ത് സീത, ഗണപതി, വാത്മീകി, നിഷാദ്രാജ്, ശബരി, ജഡായു എന്നിവരുടെ ക്ഷേത്രങ്ങളും പണിയുമെന്ന് കാമേശ്വർ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ നിർമ്മാണ ചെലവ് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ആയിരം കോടിയിലധികം രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. 360അടി നീളവും 235അടി വീതിയും 161 അടി ഉയരവുമുള്ളതാണ് നിർദിഷ്ട ക്ഷേത്രം. മൂന്ന് നിലകളുള്ള ക്ഷേത്രത്തിൽ 366 തൂണുകളുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയായ കണക്കാക്കുന്ന അയോദ്ധ്യയിലെ ഏറ്റവും ഉയരം കൂടിയ രാമപ്രതിമ നിർമ്മാണം വീണ്ടും സജീവമാവുകയാണ്. 2017ൽ നടന്ന ദീപോത്സവ ആഘോഷവേളയിൽ സർക്കാർ അയോദ്ധ്യയിൽ രാമന്റെ ഏറ്റവും വലിയ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭൂമിയേറ്റെടുക്കൽ വൈകിയതിനാൽ പദ്ധതി നടപ്പാക്കാനായില്ല. എന്നാലിപ്പോഴിതാ അതിനുള്ള സാദ്ധ്യതകളും തുറന്നിരിക്കുകയാണ്.
ആവാസ് വികാസ് പരിഷത്ത് ഒരു ഗ്രീൻ ഫീൽഡ് ടൗൺഷിപ്പ് പദ്ധതിയുടെ കീഴിൽ 1433 ഏക്കർ ഭൂമി ഏറ്റെടുക്കുന്നുണ്ട്. അടുത്ത 30 ദിവസത്തിനുള്ള പ്രദേശവാസികൾക്ക് എതിർപ്പുണ്ടെങ്കിൽ അറിയിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മഞ്ച ബർഹതയിലെ പുതുക്കിയ പദ്ധതി പ്രകാരം 1433 ഏക്കറിൽ 241 ഏക്കർ രാമപ്രതിമയ്‌ക്കായി ഉപയോഗിക്കും. 251 മീറ്റർ ഉയരത്തിലുള്ള പ്രതിമയാണ് ഇവിടെ സ്ഥാപിക്കുന്നത്.