ന്യൂഡൽഹി: ഒരു വ്യക്തിയേയും നിർബന്ധിച്ച് വാക്‌സിൻ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തിൽ വാക്‌സിനേഷൻ നിരസിക്കാനുള്ള അവകാശം ഉൾപ്പെടുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാന സർക്കാരുകളും അധികൃതരും ഏർപ്പെടുത്തിയ വാക്‌സിൻ നിർദേശങ്ങൾ ആനുപാതികമല്ലെന്നും കോടതി നിരീക്ഷിച്ചു.
വാക്‌സിൻ എടുക്കാത്തവരിൽനിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്‌സിൻ എടുത്തവരിൽനിന്നുള്ള പകർച്ചാ സാധ്യതയേക്കാൾ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ വിവരങ്ങളൊന്നും സർക്കാരുകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം. ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളൊന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.