രാജ്യത്ത് ജൂലൈ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കും

Advertisement

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം ജൂലൈ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കും.
പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപെടുത്തിയ ആദ്യ രാജ്യം ബംഗ്ലാദേശാണ്. 2002ൽ ആയിരുന്നു അത്. അതിന് ശേഷം മറ്റ് രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിൽ തങ്ങളുടെ നടപടികൾ ശക്തമാക്കുകയും സമാനമായ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഏർപെടുത്തുകയും ചെയ്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉൽപാദനവും ഉപയോഗവും ഘട്ടംഘട്ടമായി നിർത്തലാക്കാൻ കർശന നടപടികൾ സ്വീകരിച്ച ചില രാജ്യങ്ങളുമുണ്ട്.

2030-ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കുമെന്ന് ഈ വർഷം മാർച്ച് രണ്ടിന് 170 രാജ്യങ്ങൾ പ്രതിജ്ഞയെടുത്തു. കെനിയയിലെ നെയ്റോബിയിൽ നടന്ന യുഎൻ പരിസ്ഥിതി അസംബ്ലിയിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. ആഗോള താപനത്തിന് വൻതോതിൽ കാരണമാകുന്നത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന് നിരോധനം ഏർപെടുത്തണമെന്ന് ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നെങ്കിലും സാഹചര്യം കണക്കിലെടുത്ത് ഉപയോഗം തുടരുകയാണ്. ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ബദൽ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പൂർണമായോ ഭാഗികമായോ നിരോധനം കൊണ്ടുവരുന്നതിൽ 80 രാജ്യങ്ങൾ വിജയിച്ചു. ഇതിൽ 30 രാജ്യങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് എന്നത് ശ്രദ്ധേയമാണ്.

ഉഗാണ്ട, ദക്ഷിണാഫ്രിക, മലാവി, എത്യോപ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും നിരോധിക്കുന്നതിനുമായി കർശനമായ നയങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 2017-ൽ കെനിയ കൊണ്ടുവന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം ലോകത്തിലെ ഏറ്റവും കർശനമായ നിരോധനമായി കണക്കാക്കപ്പെടുന്നു. നിരോധനത്തോടെ, പ്ലാസ്റ്റിക് സഞ്ചികൾ കാരണം അടയുന്ന ഡ്രെയിനേജ് സംവിധാനങ്ങൾ മൂലമുണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കം പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് കെനിയൻ സർക്കാർ ലക്ഷ്യമിടുന്നത്.

2008-ൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപെടുത്തിയ മറ്റൊരു ആഫ്രിക്കൻ രാജ്യമാണ് റുവാണ്ട. അതിർത്തിയിൽ ലഗേജുകൾ പരിശോധിക്കുന്ന കർശനമായ നയങ്ങൾ സ്വീകരിച്ചു. പ്ലാസ്റ്റിക് കണ്ടെത്തിയാൽ അധികാരികൾ പിടിച്ചെടുക്കും. കുറ്റവാളികൾക്ക് പിഴയോ ജയിൽ ശിക്ഷയോ വരെ ലഭിക്കാം.

പ്ലാസ്റ്റിക് ബാഗുകൾ കൂടാതെ, മറ്റ് അപകടകരമായ പ്ലാസ്റ്റിക് മാലിന്യങ്ങളും ക്രമേണ നിരോധിക്കുന്ന ചില രാജ്യങ്ങളുണ്ട്. ബ്രിട്ടൻ പ്ലാസ്റ്റിക് സ്‌ട്രോകളും ബാഗുകളും നിരോധിച്ചപ്പോൾ, സൗന്ദര്യവർധക വസ്തുക്കളിലും വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളിലും പ്ലാസ്റ്റിക് മൈക്രോ ബീഡുകൾ നിരോധിച്ചു. വ്യാപാരികളുടെ എതിർപ്പുകളെയും ഉപഭോക്താക്കളുടെ ആവശ്യത്തെയും കരുതിയാണ് ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നീണ്ടുപോയത്.

Advertisement