ഹരിയാനയിലെ 9ാം ക്ലാസ് ചരിത്ര പാഠ പുസ്തകത്തിൽ ഹെഡ്ഗേവാറും സവർക്കറും

Advertisement

ചണ്ഡീഗണ്ഡ്: ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ ബോർഡ് ഓഫ് സെക്കൻഡറി എഡൂക്കേഷൻ തയ്യാറാക്കിയ ഒമ്പതാം ക്ലാസ് ചരിത്ര പാഠപുസ്തകം വിവാദത്തിൽ.

ആർ.എസ്.എസിനേയും നേതാക്കളേയും മഹത്വവൽക്കരിക്കുകയും ചരിത്രത്തെ കാവി വൽക്കരിക്കുകയുമാണ് പുസ്തകത്തിലൂടെ ചെയ്യുന്നത് എന്നാണ് വിമർശനം. സ്വാതന്ത്ര്യ സമരത്തിലും സാംസ്കാരിക ദേശീയത ഉണർത്തുന്നതിലും ആർ.എസ്.എസ് വഹിച്ച പങ്ക് വലുതാണെന്ന് പുസ്തകം പറയുന്നു. കോൺഗ്രസിൻറെ അധികാര കൊതിയും പ്രീണന രാഷ്ട്രീയവുമാണ് 1947ലെ ഇന്ത്യൻ വിഭജനത്തിന് കാരണമായതെന്നാണ് രണ്ടാം അധ്യായത്തിൽ പറയുന്നത്. മുസ്ലീം ലീഗിൻറെ വിഭാഗീയ രാഷ്ട്രീയത്തേയും ഇതിൽ കുറ്റപ്പെടുത്തുന്നു. വിവിധ അധ്യായങ്ങളിലായി ആർ.എസ്.എസിൻറെ സംഭാവനകളെ വിവരിക്കുന്നതോടൊപ്പം കോൺഗ്രസിനെ ശക്തമായി വിമർശിക്കുന്നുമുണ്ട്.

പുസ്തകം ഓൺലൈനിൽ അപ് ലോഡ് ചെയ്തത് മുതൽ തന്നെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസത്തെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. അതേസമയം, ‘ചരിത്രത്തിൽ ലഭ്യമായ രേഖകൾ’ അടിസ്ഥാനമാക്കിയാണ് പുസ്തകത്തിൻറെ ഉള്ളടക്കം തയ്യാറാക്കിയത് എന്നാണ് ഹരിയാന ബോർഡ് ഓഫ് സെക്കൻഡറി എഡൂക്കേഷൻ ചെയർമാൻ ഡോ. ജഗ്ബീർ സിങ് പറയുന്നത്. പുസ്തകം മെയ് 20 മുതൽ ലഭ്യമാക്കും. മറ്റ് ക്ലാസുകളിലെ ചരിത്ര പുസ്തകങ്ങളുടെ ഉള്ളടക്കവും മാറ്റുന്നുണ്ട്. ആറ് മുതൽ 10 വരെ ക്ലാസുകളിലെ 10 ലക്ഷത്തോളം വരുന്ന പുതിയ ചരിത്ര പുസ്തകവും ഉടൻ വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാഠപുസ്തകത്തിലൂടെ….

ഇന്ത്യയിലെ സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനം എന്ന ഒന്നാം അധ്യായത്തിൽ പറയുന്നതിങ്ങനെ,

മഹർഷി അരബിന്ദോ, ആർ.എസ്.എസ് സ്ഥാപകൻ കേശവറാവു ബലിറാം ഹെഡ്ഗേവാർ എന്നിവർ 20ാം നൂറ്റാണ്ടിൽ സാംസ്കാരിക ദേശീയതക്ക് നൽകിയ സംഭാവനകൾ വലുതാണ്. ഹെഡ്ഗേവാറിനെക്കുറിച്ചുള്ള വിശദമായ ലേഖനവും പുസ്തകത്തിലുണ്ട്. ‘രാജ്യസ്നേഹി’ എന്നാണ് ഇതിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ സവർക്കറുടെ സംഭാവനകളെ പറ്റിയാണ് നാലാം അധ്യായത്തിൽ വിവരിക്കുന്നത്. ഹിന്ദുത്വവാദിയായ സവർക്കർ ഇന്ത്യൻ വിഭജനത്തെ എതിർത്തുവെന്ന് ഇതിൽ പറയുന്നു. അതേസമയം, സവർക്കർ എങ്ങനെ ജയിൽ മോചിതനായി എന്ന് പുസ്തകത്തിൽ പരാമർശിക്കുന്നില്ല. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് മാപ്പ് എഴുതി കൊടുത്താണ് സവർക്കർ ജയിൽ മോചിതനായത് എന്നാണ് വിമർശകരുടെ വാദം.