ഭക്ഷണം വാങ്ങാൻ പണം ചോദിച്ച ആറുവയസുകാരനെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

Advertisement

ദതിയ : ഭക്ഷണം വാങ്ങാൻ പണം ചോദിച്ചതിന് പൊലീസ് ഉദ്യോഗസ്ഥൻ ആറുവയസുകാരനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയയിലാണ് ക്രൂര സംഭവം നടന്നത്.
സംഭവത്തിൽ ഗ്വാളിയോറിലെ പൊലീസ് ട്രെയിനിങ് സെൻററിലെ കോൺസ്റ്റബിൾ രവി ശർമയെ അറസ്റ്റ് ചെയ്‌തു.ദതിയയിൽ വച്ച്‌ നടന്ന രഥയാത്രക്കിടെ കുട്ടി രവിയോട് ഭക്ഷണം വാങ്ങാൻ പണം ചോദിക്കുകയായിരുന്നു. എന്നാൽ പണം നൽകാൻ വിസമ്മതിച്ച രവി കുട്ടിയെ ഓടിച്ചുവിടുകയായിരുന്നു. എന്നാൽ കുട്ടി വീണ്ടും വന്ന് പണം ചോദിക്കുകയും ഇതിൽ രോഷാകുലനായ രവി കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൻറെ ഡിക്കിയിൽ ഒളിപ്പിച്ച്‌ രവി ഗ്വാളിയോറിലേക്ക് തിരികെ പോയി. ഇതിന് ശേഷം മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

അതേസമയം പഞ്ച്ശീൽ നഗർ സ്വദേശി സഞ്ജീവ് സെൻ എന്നയാൾ മകനെ രഥ യാത്രയ്ക്ക് ശേഷം കാണാനില്ലെന്ന് കാണിച്ച്‌ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തുകൂടി രവിയുടെ കാർ കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. ചോദ്യം ചെയ്യലിൽ ഡിക്കിയിൽ മറ്റാരോ മൃതദേഹം കാറിൽ ഉപേക്ഷിച്ചതാകാമെന്നാണ് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ പൊലീസ് സിസിടിവി ദൃശ്യം കാണിച്ചതോടെ ഇയാൾ കുറ്റസമ്മതം നടത്തി.തനിക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്നും കുട്ടി നിരന്തരം പണം ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ദതിയ പൊലീസ് സൂപ്രണ്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചിട്ടുണ്ട്.