ന്യൂഡല്‍ഹി: പണപ്പെരുപ്പം കുതിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു. ഡോളറിനെതിരെ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.
77.59 ആണ് ഡോളറിനെതിരായ രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം. കഴിഞ്ഞ ദിവസം 77.23ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകള്‍ പ്രകാരം യു.എസിലെ പണപ്പെരുപ്പത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കൂടുതല്‍ കടുത്ത നയസമീപനം യു.എസ് കേന്ദ്രബാങ്ക് തുടരുന്നതും രൂപക്ക് തിരിച്ചടിയാവുന്നുണ്ട്. ഇന്ത്യന്‍ ഓഹരി വിപണികളും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.
രൂപക്ക് മേലുള്ള സമ്മര്‍ദം തുടരുമെന്നും ഇനിയും മൂല്യമിടിയാന്‍ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞു. ഒരു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ബാരലിന് 106.26 ഡോളറാണ് എണ്ണയുടെ വില.