പൊതുമധ്യത്തിൽ വനിതാ അഭിഭാഷകയ്ക്ക് ക്രൂരമർദ്ദനം; പ്രതി അറസ്റ്റിൽ

Advertisement

ബം​ഗളുരു: പൊതുമധ്യത്തിൽ വനിതാ അഭിഭാഷക ക്രൂര മർദ്ദനത്തിനിരയായി. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.കർണാടകയിൽ ആണ് സംഭവം.

ഭർത്താവിനൊപ്പം പോകുകയായിരുന്ന ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതയെ പ്രകോപനമില്ലാതെ ബാഗൽകോട്ട് ടൗണിൽ തടഞ്ഞു നിർത്തി ബിജെപി പ്രവർത്തകൻ മർദ്ദിച്ചതായി ആണ് ആരോപണം.

ബിജെപി പ്രവർത്തകൻ മഹന്തേഷാണ് നടുറോഡിലിട്ട് അഭിഭാഷകയെ ക്രൂരമായി മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. നാട്ടുകാർ നോക്കിനിൽക്കെയാണ് ആക്രമണമുണ്ടായത്.

ഭർത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. എല്ലാവരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു. ഭർത്താവ്, മഹന്തേഷിനെ തടയാൻ ശ്രമിക്കുന്നതും നാട്ടുകാർ ദൃശ്യങ്ങൾ പകർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബിജെപി ജനറൽ സെക്രട്ടറി രാജു നായ്ക്കറുടെ അനുയായിയും സംഗീതയുടെ അയൽവാസിയുമാണ് മഹന്തേഷ്. രാജു നായ്ക്കറുമായുള്ള വസ്തു തർക്കമാണ് അക്രമത്തിന് കാരണമെന്നും യുവതി പറഞ്ഞു. ഇവർ താമസിച്ചിരുന്ന കുടുംബവീട് ബിജെപി ജനറൽ സെക്രട്ടറി രാജു നായ്ക്കർക്ക് സംഗീതയുടെ അമ്മാവൻ ചെറിയ തുകയ്ക്ക് വിറ്റിരുന്നു. സംഗീതയേയും മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കാതെയാണ് അമ്മാവൻ വിൽപ്പന നടത്തിയത്. പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടിൽ നിന്ന് ഇറങ്ങിപോകണമെന്ന് രാജു നായ്ക്കർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയായിരുന്നു മർദ്ദനം.

Advertisement