ന്യൂയോർക്ക്: കോവിഡ് കാലത്ത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ച ഒന്നാണ് കറൻസികളിലൂടെ കോവിഡ് പകരുമോ എന്നത്. എന്നാൽ, കറൻസികളിലൂടെ കോവിഡ് വ്യാപനം ഉണ്ടാകില്ല എന്നാണ് പുതിയ പഠന റിപ്പോർട്ട്.
അമേരിക്കയിലെ ബ്രിഗ്ഹാം യങ് സർവകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുന്നത്.
കറൻസി നോട്ടുകളിൽ സാർസ് കോവ്-2 വൈറസ് നിക്ഷേപിച്ച ശേഷമാണ് പഠനം നടത്തിയത്. കറൻസി നോട്ടുകളിൽ അര മണിക്കൂറിനുശേഷം പരിശോധിച്ചാൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് ഗവേഷകർ പറയുന്നത്.
അമേരിക്കൻ ഡോളർ ബിൽ, ക്വാർട്ടർ, പെന്നി, ക്രെഡിറ്റ് കാർഡ് എന്നിവയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. കറൻസികളിൽ അര മണിക്കൂറിനുശേഷം വൈറസ് സാന്നിധ്യം കാണുന്നില്ലെങ്കിലും ക്രെഡിറ്റ് കാർഡുകളിൽ അരമണിക്കൂറിനുശേഷം 90% വൈറസ് മാത്രമാണ് കുറഞ്ഞത്. 48 മണിക്കൂർ കഴിയുമ്പോഴും ക്രെഡിറ്റ് കാർഡുകളിൽ സജീവമായ വൈറസിനെ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.