ചെന്നൈ: 32 വർഷത്തിന് ശേഷം പേരറിവാളൻ പുറത്തിറങ്ങാൻ കാരണം അദ്ദേഹത്തിന്റെ അമ്മ അർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
നീണ്ടകാലം നിമയപോരാട്ടം നടത്തിയ അർപുതം അമ്മാളിനെ സ്റ്റാലിൻ അഭിനന്ദിച്ചു. പേരറിവാളന് ആശംസകൾ നേരുന്നു. സംസ്ഥാന ഭരണത്തിൽ ഗവർണർക്ക് ഇടപെടാൻ അവകാശമില്ലെന്ന് തെളിഞ്ഞെന്നും സ്റ്റാലിൻ വ്യക്തമാക്കി.
മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പടെ മകന്റെ മോചനത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്ന് പേരറിവാളന്റെ അമ്മ അർപുതം അമ്മാൾ പ്രതികരിച്ചു.
32 വർഷം ജയിലിൽ കഴിഞ്ഞ ശേഷമാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം ലഭിച്ചത്. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വിചാരണക്കോടതി മുതൽ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.