എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഇനി ഒടിപി ഇല്ലാതെ എടിഎമിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല

Advertisement

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമുകളിൽ നിന്ന് പണം പിൻവലിക്കുന്ന രീതി മാറ്റി.
പണമിടപാട് കൂടുതൽ സുരക്ഷിതമാക്കാം എന്നതാണ് ഈ മാറ്റങ്ങളിലെ പ്രത്യേകത. ഇനി എടിഎമിൽ നിന്ന് പണം പിൻവലിക്കാൻ എസ്ബിഐ ഒടിപി നിർബന്ധമാക്കിയിട്ടുണ്ട്. ഒടിപി നൽകാതെ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാനാകില്ല. ട്വീറ്റിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ ഉപഭോക്താക്കളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുന്നത് തങ്ങളുടെ മുൻ‌ഗണനകളിലൊന്നാണെന്ന് എസ്ബിഐ പറഞ്ഞു. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുകാർക്കെതിരെ ഫലപ്രദമായ നടപടിയാണെന്നും ബാങ്ക് കൂട്ടിച്ചേർത്തു.

എസ്ബിഐ അവതരിപ്പിച്ച ഒടിപിയുടെ പുതിയ നിയമം 10,000 രൂപയ്ക്കും അതിന് മുകളിലുള്ള തുകയ്ക്കും ബാധകമാണ്. നിയമങ്ങൾ അനുസരിച്ച്‌, ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിൽ ഒരു ഒടിപി അയയ്ക്കും. ഇതിനുശേഷം മാത്രമേ എസ്ബിഐ ഉപഭോക്താക്കൾക്ക് എടിഎമിന്റെ സഹായത്തോടെ അവരുടെ ഡെബിറ്റ് കാർഡിൽ നിന്ന് 10,000 രൂപയോ അതിൽ കൂടുതലോ പിൻവലിക്കാനാകൂ.

Advertisement