പിതൃത്വ അവകാശതർക്കം; വൃദ്ധദമ്പതികൾക്കെതിരെ നോട്ടീസയച്ച്‌ ധനുഷ്, ആരോപണങ്ങൾ നിർത്തിയില്ലെങ്കിൽ കനത്ത തുക മാനനഷ്ടത്തിന് നൽകേണ്ടി വരും

Advertisement

ചെന്നൈ: പിതൃത്വ അവകാശക്കേസിൽ മധുരയിലെ ദമ്പതികൾക്കെതിരെ വക്കീൽ നോട്ടീസയച്ച്‌ തമിഴ് നടൻ ധനുഷും പിതാവ് കസ്‌തൂരി രാജയും.

ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം ഉന്നയിക്കുന്ന മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി ദമ്പതികൾക്കെതിരെയാണ് താരം അഭിഭാഷകനായ എസ് ഹാജ മൊഹിദ്ദീൻ മുഖേന നോട്ടീസ് അയച്ചത്.

നടനെതിരെ തെറ്റായതും അംഗീകരിക്കാനാവാത്തതും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണം. അല്ലാത്തപക്ഷം വിചാരണ നേരിടേണ്ടി വരും. തങ്ങളുടെ ആരോപണങ്ങൾ തെറ്റാണെന്ന് കാട്ടി മാദ്ധ്യമപ്രസ്‌താവന പുറത്തിറക്കണമെന്നും മാപ്പ് ചോദിക്കണമെന്നും നോട്ടീസിൽ പറയുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പത്തുകോടി രൂപയുടെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകി.

വർഷങ്ങളായി കോടതിയുടെ പരിഗണനയിലുള്ള കേസിൽ കഴിഞ്ഞ മേയ് മൂന്നിന് മദ്രാസ് ഹൈക്കോടതി ധനുഷിന് സമൻസ് അയച്ചിരുന്നു. കേസിൽ ധനുഷ് മുൻപ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിലാണ് നടന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമൻസ് അയച്ചത്.

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂൾ വിദ്യാർത്ഥിയായിരിക്കെ സിനിമാമോഹവുമായി നാടുവിട്ട് ചെന്നൈയിലേക്ക് പോയെന്നുമാണ് വൃദ്ധദമ്പതികൾ വാദിക്കുന്നത്. യഥാർത്ഥ മാതാപിതാക്കളായ തങ്ങളുടെ ചെലവിനായി പ്രതിമാസം 65,000 രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ആരോപണങ്ങളെല്ലാം നടൻ തള്ളിയിരുന്നു. സത്യം തെളിയിക്കുന്നതിനായി ഡി എൻ എ ടെസ്റ്റ് നടത്താൻ കോടതി നിർദേശിച്ചെങ്കിലും നടൻ ഇത് നിരസിച്ചു. പിന്നാലെ ശരീരത്തിലെ തിരിച്ചറിയൽ അടയാളങ്ങൾ പരിശോധിക്കാൻ കോടതി നിർദേശിച്ചു. ഇതിന്റെ ഫലവും അനിശ്ചിത്വത്തിൽ തുടരുകയാണ്.