മുംബൈ: നേപ്പാളിലെ എവറസ്റ്റ് ബേസ്‌ക്യാമ്പ് (ഇ.സി.ബി.) കീഴടക്കി പത്തുവയസ്സുള്ള ഇന്ത്യക്കാരി. മുംബൈയിൽനിന്നുള്ള റിഥം മമാനിയയാണ് ഹിമാലയൻ നിരയിലെ ഇ.സി.ബി കീഴടക്കിയത്.
11 ദിവസത്തിനകമായിരുന്നു ഈ കൊച്ചു മിടുക്കിയുടെ ട്രക്കിങ് നേട്ടം. കോച്ചോ കൃത്യമായ പരിശീലനമോയില്ലാതെയാണ് ഇസിബി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞവരിലൊരാളായി റിഥം മാറിയത്. എന്നാൽ എന്നും രാവിലെ അഞ്ചു മണിക്ക് വീട്ടിനടുത്തുള്ള ശാസ്ത്രി ഗാർഡനിലെ കുത്തനെയുള്ള പടവുകൾ കയറുകയും ഇറങ്ങുകയും ചെയ്യുമായിരുന്നു.
സമുദ്ര നിരപ്പിൽ നിന്ന് 5364 മീറ്റർ ഉയരത്തിൽ ഓക്‌സിജൻ സാന്നിധ്യം കുറഞ്ഞ ബേസ് ക്യാമ്പിൽ മേയ് ആറിനാണ് ബാന്ദ്ര റിഷികുൽ വിദ്യാലയത്തിലെ ഈ അഞ്ചാം ക്ലാസ്സുകാരി എത്തിയത്. മാതാപിതാക്കളായ ഉർമി, ഹർഷൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
”ഇസിബി കീഴടക്കുകയെന്ന ലക്ഷ്യം തേടിയുള്ള യാത്രയിലായതിനാൽ തണുപ്പ് ഞാൻ ഓർത്തതേയില്ല. ഞാൻ കായിക രംഗത്തെ ഏറെ ഇഷ്ടപ്പെടുന്നു. ഇടയ്ക്കിടെ പെയ്യുന്ന ആലിപ്പഴം എനിക്കൊരു പുതുമയായിരുന്നു’ റിഥം തന്റെ ലക്ഷ്യം നേടിയ ശേഷം പറഞ്ഞു. നേപ്പാളിലെ സതോരി അഡ്വജേഴ്‌സിറെ റിഷി ബൻഡാരിയാണ് റിഥത്തിന്റെ യാത്ര സംഘടിപ്പിച്ചത്.