തക്കാളി കിലോയ്ക്ക് 130 രൂപ; 150 കടക്കുമെന്ന് വ്യാപാരികൾ

Advertisement

കർണൂൽ: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. ആന്ധ്രയിലെ കർണൂൽ, യെമ്മിഗനൂർ, അഡോണി നഗരങ്ങളിലെ ചില്ലറവിൽപ്പന ശാലകളിൽ തക്കാളി കിലോയ്ക്ക് വില 130 രൂപവരെയായി.

ലഭ്യതക്കുറവ് കാരണം രായലസീമ ജില്ലയിലെ ആളുകൾ കർണാടകയിലെ മദ്‌നാപ്പള്ളി, അന്നമയ്യ, ചിന്താമണി എന്നിവിടങ്ങളിൽ നിന്നാണ് തക്കാളി എത്തിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തക്കാളി വിൽപ്പന നടക്കുന്ന പാത്തിക്കോണ്ടയിലെ മൊത്തവില വിപണിയിൽ കിലോയ്ക്ക് വില 90 രൂപയാണ്. കർണൂൽ ജില്ലയിൽ ഓഗസ്റ്റ് മുതൽ ഫെബ്രുവരിവരെയാണ് തക്കാളി വിളവെടുപ്പ്. സീസൺ ആരംഭിച്ചപ്പോൾ മൊത്തവിപണിയിൽ കിലോയ്ക്ക് നാലുരൂപയാണ് ഉണ്ടായിരുന്നത്. അത് ഇപ്പോൾ 90 രൂപയായി. ചില്ലറവിപണിയിൽ 130 രൂപയായി ഉയർന്നു.ജൂലൈ അവസാനം വരെ വിലവർധനവ് തുടരാമെന്നും കിലോയ്ക്ക് 150 രൂപവരെ വരാമെന്നും വ്യാപാരികൾ പറയുന്നു.

കർണൂൽ ജില്ലയിൽ ഏകദേശം 15,000 ഹെക്ടറിലാണ് തക്കാളി കൃഷി ചെയ്യുന്നത്. എന്നാൽ മഴക്കുറവ് കാരണം വിളവ് 60 ശതമാനം കുറഞ്ഞു. സീസൺ അവസാനിച്ചതിനാൽ ഫെബ്രുവരി 15ന് ശേഷം കർണാടകയിൽ നിന്നാണ് സംസ്ഥാനത്ത് തക്കാളി എത്തിക്കുന്നത്. വിലക്കൂടുതൽ കാരണം തക്കാളി വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായും വ്യപാരികൾ പറയുന്നു.

അതേസമയം, നെല്ലൂർ, ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ ചൊവ്വാഴ്ച തക്കാളി വില കിലോയ്ക്ക് 100 രൂപ കടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ തക്കാളിക്ക് ഡിമാൻഡ് കുറവായതിനാൽ മദനാപ്പള്ളിയിൽ കർഷകർ കൂടുതലായി കൃഷി ചെയ്തിരുന്നില്ല. ജൂൺ രണ്ടാം വാരത്തോടെ മദനപ്പള്ളി, പുങ്ങന്നൂർ മാർക്കറ്റുകളിൽ കൂടുതൽ സ്‌റ്റോക്ക് എത്തുന്നതോടെ തക്കാളി വില കുറയാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.

Advertisement