ന്യൂഡൽഹി: ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക് . 2018ലാണ് അഭിലാഷ സൈന്യത്തിലെത്തിയത്.
കരസേനാ ഏവിയേഷനിൽ നിലവിൽ ഗ്രൗണ്ട് ചുമതലകൾക്ക് മാത്രമാണ് വനിതകളുള്ളത്.
നിലവിൽ പുരുഷന്മാർ മാത്രമാണ് ഇന്ത്യൻ കരസേനയിൽ യുദ്ധ വിമാന പൈലറ്റായി ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി ചുമതല ഏറ്റെടുത്തിരിക്കുകയാണ് അഭിലാഷ ബരക്. നാസിക്കിലെ കമ്പാക്ട് ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലെ പരിശീലനത്തിന് ശേഷം വിംഗ്‌സ് മുദ്ര കരസ്ഥമാക്കിയ ക്യാപ്ടൻ അഭിലാഷ ആർമി ഏവിയേഷൻ കോർപ്‌സിലെ ആദ്യ വനിതാ ഓഫീസറാണ്.
ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദധാരിയായ അഭിലാഷ മുൻ സൈനിക ഓഫീസറുടെ മകളാണ്. യു.എസിലെ ജോലി ഉപേക്ഷിച്ചാണ് സൈന്യത്തിൽ ചേർന്നത്.
ഇന്ത്യൻ എയർഫോഴ്സിലെയും ഇന്ത്യൻ നാവികസേനയിലെയും വനിതാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററുകൾ പറത്തിക്കൊണ്ടിരുന്നപ്പോൾ, 2021-ന്റെ തുടക്കത്തിലാണ് സൈന്യം തങ്ങളുടെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഇതുവരെ കരസേനാ ഏവിയേഷനിൽ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് വനിതാ ഓഫീസർമാർക്ക് നൽകിയിരുന്നത്.
നാഷണൽ ഡിഫൻസ് അക്കാദമി 2022 ജൂണിൽ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിനെ ഉൾപ്പെടുത്താൻ ഒരുങ്ങുന്ന സമയത്താണ് ബരാക്ക് സൈന്യത്തിന്റെ ആദ്യത്തെ വനിതാ കോംബാറ്റ് ഏവിയേറ്ററായി മാറിയത്. 2021 ഒക്ടോബറിലെ ഒരു സുപ്രധാന ഉത്തരവിലൂടെ സുപ്രീം കോടതി സ്ത്രീകൾക്കായി അക്കാദമിയുടെ വാതിലുകൾ തുറക്കുകയായിരുന്നു.