ലൈംഗിക തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച്‌ സുപ്രീം കോടതി

Advertisement

ന്യൂഡൽഹി: രാജ്യത്ത് ലൈംഗിക തൊഴിലിന് നിയമ സാധുത. ലൈംഗിക തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച്‌ സുപ്രീം കോടതി ഉത്തരവ്.

ഒരാൾ സ്വമേധയാ ലൈംഗിക തൊഴിലിലേർപ്പെട്ടാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കരുതെന്ന് പോലീസിനോട് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് എൻ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിച്ചു.

വേശ്യാവൃത്തി ഒരു തൊഴിലാണ്. ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ട്. പ്രായം, സമ്മതം എന്നീ മാനദണ്ഡങ്ങൾ എല്ലാ ക്രിമിനൽ കേസുകളിലും ബാധകമാണ്. എന്നാൽ പ്രായപൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരമോ, സമ്മതത്തോടെയോ ലൈംഗികതയിൽ ഏർപ്പെടുന്നതിന് പൊലീസോ നിയമങ്ങളോ ഇടപെടുന്നതിൽ അർത്ഥമില്ല. തൊഴിൽ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമപരിരക്ഷയും ലഭിക്കേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ പ്രകാരം ഇത് ഓരോ പൗരന്റേയും അവകാശമാണ്. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ, ഇവരിൽ നിന്നും പിഴ ഈടാക്കാനോ പാടില്ല. ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടുന്നത് കുറ്റമല്ലാത്തതിനാൽ ഇവരെ ഉപദ്രവിക്കാനോ, റെയ്ഡുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തി പിടികൂടാനോ പാടില്ലെന്നും കോടതി പറഞ്ഞു.

ലൈംഗിക തൊഴിലാളിയാണെന്ന കാരണത്താൽ അവരുടെ മക്കളെ മാതാവിൽ നിന്നും മാറ്റി നിർത്താൻ പാടില്ല. കുട്ടികൾക്കും നിയമപരിരക്ഷ ഉറപ്പാക്കണം. അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടിയെ വേശ്യാലയങ്ങളിൽ കണ്ടെത്തിയാൽ കുട്ടിയെ തട്ടിക്കൊണ്ടു വന്നതാകാമെന്ന് മാത്രം അനുമാനിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പരാതി നൽകുന്ന ലൈംഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. തൊഴിലിനിടെ ഏതെങ്കിലും തരത്തിൽ അതിക്രമത്തിന് ഇരയായ ലൈംഗിക തൊഴിലാളികൾക്ക് ഉടനെ തന്നെ മെഡിക്കോ ലീഗൽ കെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.

Advertisement