ബോണി കപൂറിന്റെ ക്രെഡിറ്റ് കാർഡ് സൈബർ തട്ടിപ്പിൽ നഷ്ടമായത് 4 ലക്ഷം രൂപ

Advertisement

മുംബൈ: ബോളിവുഡ് സിനിമാ നിർമാതാവ് ബോണി കപൂറിന്റെ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടു.

സൈബർ തട്ടിപ്പിൽ അദ്ദേഹത്തിന് 3.82 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇതുസംബന്ധിച്ച്‌ മുംബൈയിലെ അംബോലി പൊലീസ് സ്റ്റേഷനിൽ കപൂർ പരാതി നൽകി.

ഫെബ്രുവരി ഒമ്പതിന് അഞ്ച് ഇടപാടുകളിലായി കപൂറിന്റെ അക്കൗണ്ടിൽ നിന്ന് 3.82 ലക്ഷം രൂപ കൈമാറ്റം ചെയ്യപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ വിവരസാങ്കേതിക നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ബുധനാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചെന്ന കാര്യം തിരിച്ചറിഞ്ഞതോടെ ബോണി കപൂർ ഇതേക്കുറിച്ച്‌ ബാങ്കിൽ അന്വേഷിക്കുകയും തുടർന്ന് പൊലീസിൽ രേഖാമൂലം പരാതി നൽകുകയുമായിരുന്നു.

അതേസമയം മകൾ ജാൻവി കപൂറിന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആരും ചോദിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഫോൺ കോളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. അതേസമയം കപൂർ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ആർക്കെങ്കിലും ഡാറ്റ ലഭിച്ചതായാണ് പൊലീസ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

കപൂറിന്റെ കാർഡിൽ നിന്നുള്ള പണം ഗുരുഗ്രാമിലെ ഒരു കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

രൺബീർ കപൂറിനും ശ്രദ്ധ കപൂറിനും ഒപ്പം ലവ് രഞ്ജൻ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് ബോണി കപൂർ.

Advertisement