ബംഗളുരു: എല്ലാ നേരവും മാഗി മാത്രം ഭക്ഷണമുണ്ടാക്കുന്ന ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്.
ബല്ലാരിയിൽ ജില്ലാ പ്രിൻസിപ്പൽ, സെഷൻസ് കോടതി ജഡ്ജ് ആയിരുന്ന എംൽ രഘുനാഥ് ആണ് തന്റെ മുന്നിൽ എത്തിയ വിവാഹമോചന ഹർജിയെ കുറിച്ച് പറഞ്ഞത്. നിസ്സാര കാരണങ്ങളുടെ പേരിൽ ദമ്പതികൾ വിവാഹ ബന്ധം വേർപെടുത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാഗി കേസ്’ എന്നാണ് അദ്ദേഹം ഈ കേസിനെ വിശേഷിപ്പിച്ചത്. ഭാര്യ കടയിൽ പോയാൽ മാഗി മാത്രമേ വാങ്ങുന്നുള്ളൂവെന്നും രാവിലേയും ഉച്ചയ്ക്കും രാത്രിയുമെല്ലാം മാഗിയാണ് പാചകം ചെയ്യുന്നതെന്നുമായിരുന്നു യുവാവിന്റെ പരാതി. പ്രസ്തുത കേസിൽ പരസ്പര സമ്മതത്തോടെ ദമ്പതികൾ വിവാഹ മോചിതരായി അടുത്ത കാലത്തായി വിവാഹമോചനങ്ങളിലുണ്ടായ ‘ഗണ്യമായ വർധന’വിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവാഹമോചന കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വിവാഹമോചനത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒരു വർഷമെങ്കിലും ദമ്പതികൾ ഒന്നിച്ച് കഴിയണം. അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒത്തുതീർപ്പിലൂടെയും വീണ്ടും ഒന്നിക്കുന്നതിലൂടെയും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ദമ്പതികളെ സഹായിക്കുന്നതിന് കോടതികൾ വൈകാരികമായി ഇടപെടുന്നത് എങ്ങനെയാണെന്നും ദമ്പതികൾക്കിടയിലുള്ള മിക്കവാറും പ്രശ്നങ്ങൾ മാനസികമായതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാചകം എന്നത് അടിസ്ഥാന ജീവിത നൈപുണ്യമാണ്. അത് എങ്ങനെ ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. തെലങ്കാനയിൽ അടുത്തിടെ യുവാവിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഭാര്യ മട്ടൺ കറി വെക്കുന്നില്ലെന്ന് പരാതിയുമായി ആറ് തവണയാണ് ഇയാൾ 100 ലേക്ക് വിളിച്ചത്. ഇതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. തെലങ്കാന ടുഡേ റിപ്പോർട്ട് അനുസരിച്ച് കനഗൽ മണ്ഡലത്തിലെ ചെർള ഗൗരാറാം ഗ്രാമത്തിൽ നിന്നുള്ള നവീനെയാണ് കസ്റ്റഡിയിൽ എടുത്തത്. മദ്യലഹരിയിലാണ് ഇയാൾ കോളുകൾ ചെയ്തത്.
-‘റോക്കി ഭായി’യെ അനുകരിച്ച് വലിച്ചു തീർത്തത് ഒരു പായ്ക്കറ്റ് സിഗരറ്റ്; പതിനഞ്ചുകാരൻ ആശുപത്രിയിൽ
ആദ്യം വിളിച്ച് പരാതിപ്പെട്ടപ്പോൾ പൊലീസ് അവഗണിച്ചെങ്കിലും നിരന്തരം വിളിച്ചതോടെ ശല്യം ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് ഇയാളെ താക്കീത് നൽകി വിട്ടയച്ചു.
മദ്യപിച്ച് മട്ടണും വാങ്ങി വീട്ടിലെത്തിയ നവീൻ ഭാര്യയോട് ഇത് കറി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭർത്താവ് മദ്യപിച്ചെത്തിയതിനാൽ ഭാര്യ പാചകം ചെയ്യാൻ തയ്യാറായില്ല. ഇതോടെ കലികയറിയ ഭർത്താവ് ആറ് തവണ 100 ലേക്ക് വിളിച്ച് ഭാര്യയ്ക്കെതിരെ പരാതി പറയുകയായിരുന്നുവെന്ന് തെലങ്കാന ടുഡേ റിപ്പോർട്ടിൽ പറയുന്നു.