കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി; പ്രതിമാസം 4,000 രൂപ, 18 മുതൽ 23 വയസുവരെ മാസം തോറും ചെലവിന് പ്രത്യേക സ്‌റ്റൈപെൻഡും

Advertisement

ന്യൂഡൽഹി: കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ‘പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ’ പദ്ധതി വഴിയാണ് ധനസഹായം നൽകുന്നത്.

ജില്ലാ മജിസ്‌ട്രേറ്റുമാർക്കാണ് കുട്ടികളുടെ സംരക്ഷണ ചുമതല. ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 4,000 രൂപ സഹായധനമായി ഇതുവഴി ലഭിക്കും. വിവിധ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും ചികിൽസയ്ക്കും ഉൾപെടെയുള്ള സഹായം ആ സ്ഥാപനത്തിന് നൽകും.

ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവ നൽകും. 18 മുതൽ 23 വയസുവരെ മാസം തോറും ചെലവിന് പ്രത്യേക സ്‌റ്റൈപെൻഡുണ്ടാകും. 23 വയസ് ആകുമ്പോൾ മൊത്തം 10 ലക്ഷം രൂപ ലഭിക്കും.

ആയുഷ്മാൻ ഭാരത് ഹെൽത് കാർഡ് വഴി അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്. വിദ്യാഭ്യാസ വായ്പയ്ക്കും സൗകര്യമുണ്ടാകും. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർന്നുവെന്നും ഭീകരത, പ്രാദേശികവാദം, അഴിമതി, കുടുംബവാഴ്ച എന്നിവ അവസാനിപ്പിച്ചുവെന്നും മോദി പറഞ്ഞു.

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം വിതരണം ചെയ്ത് ബിജെപി സർക്കാരിന്റെ എട്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കേരളത്തിൽ നിന്ന് 112 കുട്ടികൾക്ക് ധനസഹായം ലഭിച്ചു. എട്ടാം വാർഷികത്തിൽ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികളാണു സംഘടിപ്പിച്ചിട്ടുള്ളത്. ജൂൺ 14 വരെയാണ് വാർഷിക ആഘോഷം. 75 മണിക്കൂർ ജനസമ്പർക്ക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 31ന് ഷിംലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയും നടക്കും.

Advertisement