പാര്‍ലമെന്റിലെ ബിജെപിക്ക് ഇനി മുസ്ലീം മുഖമില്ല

Advertisement

ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ബിജെപിയുടെ രാജ്‌യസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടി്ച്ചില്ല. ഇദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലയളവ് കൂടി അവസാനിക്കുന്നതോടെ പാര്‍ലമെന്റില്‍ ബിജെപിക്ക് മുസ്ലീം പ്രാതിനിധ്യം പൂര്‍ണമായും ഇല്ലാതാകുകയാണ്.

നഖ്വി കൂടി പുറത്തേക്ക് പോകുന്നതോടെ ഇരുസഭകളിലും ബിജെപിയുടെ ഒരു മുസ്ലീം അംഗം പോലുമില്ല. ബജറ്റ് സമ്മേളനം വരെ ബിജെപിക്ക് മൂന്ന് മുസ്ലീം അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. ഇവര്‍ എല്ലാവരും തന്നെ രാജ്യസഭ അംഗങ്ങള്‍ ആയിരുന്നു. നഖ്വിക്ക് പുറമെ ബിജെപി വക്താവ് സയീദ് സഫര്‍ ഇസ്ലാം, മാധ്യമപ്രവര്‍ത്തന രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ എം ജെ അക്ബര്‍ എന്നിവരുടെയും കാലാവധി വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ പാര്‍ലമെന്റിലെ ബിജെപിയുടെ മുസ്ലീം മുഖങ്ങള്‍ എല്ലാം തന്നെ പടിയിറങ്ങും.

സയീദ് സഫര്‍ ഇസ്ലാമിന്റെ കാലാവധി ജൂലൈ നാലിനാണ് പൂര്‍ത്തിയാകുന്നത്. അക്ബറിന്റേത് ഈ മാസം 29ന് അവസാനിക്കും. ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ടതിനാല്‍ അക്ബറിനെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയില്ല.